ടോക്യോ: ആധുനികതയും പാരമ്പര്യവും കോർത്തിണങ്ങിയ ജപ്പാൻ നഗരങ്ങൾ എല്ലാക്കാലവും ഇന്ത്യക്കാരെ ആകർഷിച്ചിട്ടുണ്ട്. മികച്ച പഠനസൗകര്യങ്ങളും തൊഴിലിടങ്ങളുള്ള ജപ്പാനിൽ അനേകം ഇന്ത്യൻ പഠിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് സ്ഥിരതാമസത്തിനുള്ള മികച്ച അവസരവും ജപ്പാൻ നൽകുകയാണ്. എന്നിരുന്നാലും ജപ്പാനിലെ പെർമനന്റ് റെസിഡൻസി (പിആർ) നേടുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ജപ്പാൻ പിആർ
ജീവിതകാലം മുഴുവൻ ജപ്പാനിൽ താമസിക്കാനുള്ള അവസരമാണ് പിആർ നൽകുന്നത്.
താമസം, തൊഴിൽ എന്നിവയിൽ ജാപ്പനീസ് ജനതയുടെ സമാന അവകാശങ്ങളും പിആർ വാഗ്ദാനം ചെയ്യുന്നു.
വിസ നിയന്ത്രണങ്ങൾ ഭയക്കാതെ സ്വതന്ത്രമായി തൊഴിൽ മാറാനുള്ള അവസരം.
കുടുംബത്തിന് കൂടുതൽ സുരക്ഷിതത്വം.
എളുപ്പത്തിൽ ലോണുകൾ ലഭ്യമാകുന്നു.
ഭൂമി വാങ്ങാൻ അവസരം
സ്വന്തമായി ബിസിനസ് ചെയ്യാനും അവസരം.
ഇന്ത്യൻ പൗരത്വം നിലനിർത്തിക്കൊണ്ട് തന്നെ ജപ്പാനിൽ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനും കഴിയും. എന്നാൽ വോട്ടവകാശമോ ജാപ്പനീസ് പാസ്പോർട്ടോ ലഭിക്കുകയില്ല.
ജപ്പാൻ ഇരട്ട പൗരത്വം അനുവദിക്കില്ല. അതിനാൽ തന്നെ ജപ്പാൻ പൗരത്വം നേടുന്നവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കേണ്ടിവരും.
വരുമാനം, താമസ സൗകര്യം എന്നിവ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെങ്കിൽ കുടുംബത്തെയും പിആറിൽ ഉൾപ്പെടുത്താൻ സാധിക്കും.
അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്യുകയോ, നികുതി അടയ്ക്കാതെ വരികയോ, പിആർ കൈവശമുള്ളയാൾ ജപ്പാന് പുറത്ത് ദീർഘകാലം താമസിക്കുകയോ ചെയ്യുന്നുവെങ്കിൽ പിആർ റദ്ദാക്കപ്പെട്ടേക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം
തുടർച്ചയായി പത്തുവർഷം ജപ്പാനിൽ താമസിക്കുന്നവർ
ജാപ്പനീസ് പൗരനെയോ ജാപ്പനീസ് പിആർ ഉള്ളയാളെയോ വിവാഹം ചെയ്തവർക്ക് വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷവും ജപ്പാനിൽ ഒരു വർഷത്തെ താമസത്തിനുശേഷമോ അപേക്ഷിക്കാം.
ജാപ്പനീസ് പൗരന്റെയോ പിആർ ഉള്ളയാളുടെയോ കുട്ടികൾക്ക് ജപ്പാനിൽ ഒരു വർഷത്തെ താമസത്തിനുശേഷം അപേക്ഷിക്കാം.
വിവിധ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ജപ്പാൻ പിആറിനായി പരിഗണിക്കുന്നത്. വിദ്യാഭ്യാസം, പ്രൊഫഷണൽ കരിയർ, വാർഷിക വരുമാനം തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങൾ. 70 പോയിന്റ് ലഭിക്കുന്നവർക്ക് മൂന്ന് വർഷത്തിനുശേഷം അപേക്ഷിക്കാം. 80 പോയിന്റ് ലഭിക്കുന്നവർക്ക് ഒരുവർഷത്തിനുശേഷവും അപേക്ഷിക്കാം.