
മുംബയ്: 2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഓപ്പണിംഗ് സ്ഥാനം നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഒന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോൾ സഞ്ജു ഫലപ്രദമാണെന്നും ഇന്ത്യയ്ക്കായി ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രി പറഞ്ഞു. ട്വന്റി 20 ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് രവി ശാസ്ത്രിയുടെ പ്രതികരണം.
"സഞ്ജു ഓപ്പണർ ആകുമ്പോഴാണ് ഏറ്റവും അപകടകാരി. മികച്ച പ്രകടനം കാഴ്ചവച്ചാൽ, അദ്ദേഹം തന്നെ എല്ലാ മത്സരങ്ങളും ജയിപ്പിക്കും. ബാറ്റിംഗ് നിരയിൽ അദ്ദേഹത്തെ ടോപ്പ് ഓഡറിൽ വിടുന്നതാണ് നല്ലത്," ശാസ്ത്രി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഗില്ലിന്റെ സാന്നിദ്ധ്യം മാനേജ്‌മെന്റ് അദ്ദേഹത്തെ ഭാവിയിലേക്ക് എല്ലാ ഫോർമാറ്റിലും നായകനായി പരിഗണിക്കുന്നതിനുള്ള വ്യക്തമായ സൂചനയാണ്, എന്നാൽ സഞ്ജുവിനെ നിലവിലെ ഫോമിൽ നിന്ന് ഒഴിവാക്കുന്നത് കൂടുതൽ കോംപ്‌ളിക്കേഷൻസ് ഉണ്ടാക്കുന്ന നീക്കമായിരിക്കും'- രവിശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം അദ്ദേഹം ഫിറ്റാണെന്ന് പലരും കരുതുന്നു. എന്നാൽ , ഓപ്പണർ എന്ന നിലയിൽ സഞ്ജുവിനെ ഒറ്റയ്ക്ക് നിർത്തണമെന്നാണ് അദ്ദേഹത്തിന്റെ മികച്ച റെക്കോർഡുകൾ ഉദ്ധരിച്ചു കൊണ്ട് ശാസ്ത്രി അഭിപ്രായപ്പെട്ടത്. ഓപ്പണർ എന്ന നിലയിൽ കഴിഞ്ഞ 10മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണ്. അതുകൊണ്ട് ഓപ്പണിംഗ് സ്ഥാനം നിലനിർത്താൻ അദ്ദേഹം അർഹനാണെന്നാണ് ശാസ്ത്രിയുടെ വാദം.
ട്വന്റി 20 മത്സരങ്ങളിൽ നിന്ന് ഒരു വർഷം വിട്ടുനിന്ന ശുഭ്മാൻ ഗിൽ തിരിച്ചെത്തിയത് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ സങ്കീർണ്ണമാക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണർ എന്ന ഖ്യാതി ഗിൽ നേടിയിട്ടുണ്ടെങ്കിലും സഞ്ജുവിന് പകരക്കാരനാകരുതെന്നാണ് ശാസ്ത്രി പറയുന്നത്. 2025ഏഷ്യാ കപ്പ് ഇന്ന് യുഎഇയിൽ ആരംഭിക്കുമ്പോൾ, ഇന്ത്യ എങ്ങനെ അണിനിരക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്.