i-nphone

ടെക് പ്രേമികൾ ആറെ ആകാക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഈവന്റ് 2025 ഇന്ന് നടക്കും. യുഎസിൽ നടക്കുന്ന പരിപാടിയിൽ ഐ ഫോണിന്റെ പുതിയ 17ാം സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 സീരീസിന് പുറമെ ആപ്പിൾ വാച്ചിന്റെ പുതിയ മോഡലുകൾ, എയർപോഡുകൾ എന്നിങ്ങനെയുള്ള നിരവധി ആക്സസറികളും പുറത്തിറക്കാൻ സാദ്ധ്യതയുണ്ട്. 2017 ൽ ഐഫോൺ എക്സ് പുറത്തിറങ്ങിയതിനുശേഷം ഐഫോൺ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റവുമായാണ് 17ാം സീരീസ് വരുന്നത്. ഇത്തവത്തെ ലോഞ്ചിലെ താരം ഐ ഫോൺ 17 എയർ ആകുമെന്നാണ് പ്രതീക്ഷ.

ഈ വർഷം ഐഫോൺ നാല് പുതിയ മോഡലുകൾ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും പുതിയ മോഡലുകൾ. ഐഫോൺ 17ൽ വലിയ സ്‌ക്രീൻ, 24 എംപി ഫ്രണ്ട് ക്യാമറ, പ്രോമോഷൻ സപ്പോർട്ട്, എപ്പോഴും ഓൺ ആയ ഡിസ്‌പ്ലേ എന്നിവ ഉണ്ടാകാം.

പുതിയ ക്യാമറ ബാർ, പുതിയ എ19 പ്രോ ചിപ്പ്, 48എംപി ടെലിഫോട്ടോ ലെൻസ്, 24എംപി ഫ്രണ്ട് ക്യാമറ എന്നിവ ഐഫോൺ 17 പ്രോയിൽ വരാൻ സാദ്ധ്യതയുണ്ട്. ടോപ്പ് എൻഡ് മോഡലായ പ്രോ മാക്സിലും ഈ സവിശേഷതകളുണ്ടാകും. ഒപ്പം ബാറ്ററിയിലും മാറ്റം വന്നേക്കാം. ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് പുതിയ കളറിലും 17 വന്നേക്കാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 16 അഞ്ച് നിറങ്ങളിലായിരുന്നു. കറുപ്പ്, വെള്ള, പിങ്ക്, ടീൽ, കടും നീലയുടെ ഒരു ഷേഡ് ആയ അൾട്രാമറൈൻ എന്നിങ്ങനെയായിരുന്നു അത്. 5000 എംഎഎച്ച് ബാറ്ററി ബാക്കപ്പ് ഐഫോൺ 17 പ്രോ മാക്സിനുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതീക്ഷിക്കുന്ന വില
ഐഫോൺ 17 സീരീസിന്റെ അടിസ്ഥാന മോഡലിന് 89,900 രൂപയിൽ ആരംഭിക്കാമെന്നും പ്രോ മാക്സിന് 1,64,900 രൂപ വരെ എത്താമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കറൻസി മാറ്റങ്ങളെയും ആപ്പിളിന്റെ ആഗോള വിലനിർണ്ണയ തന്ത്രത്തെയും ആശ്രയിച്ച് അന്തിമ വിലകൾ വ്യത്യാസപ്പെടാം. ഉയർന്ന മോഡലുകളുടെ വില വർദ്ധനവിന് കാരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ആവശ്യങ്ങളാണെന്നും റിപ്പോർട്ടുണ്ട്.

താരമാകാൻ ഐഫോൺ 17 എയർ
5.5 മില്ലി മീറ്റർ വലുപ്പമുള്ള ഏറ്റവും കനംകുറഞ്ഞ മോഡലെന്നാണ് ആപ്പിൾ എയറിനെ വിശേഷിപ്പിക്കുന്നത്. ആപ്പിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും കനം കുറഞ്ഞ ഐഫോണായി ഇതുമാറും. ഐഫോൺ 16 പ്ലസിലെ 6.7 ഇഞ്ച് ഡിസ്‌പ്ലേയിൽ നിന്ന് വ്യത്യസ്തമായി, ഐഫോൺ 17 എയറിൽ 6.6 ഇഞ്ച് പാനൽ ഉണ്ടാകും. ഭാരം കുറവായതിനാൽ വലിയ ബാറ്ററി ബാക്കപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. ആപ്പിൾ ഐഫോൺ 12 ഉപയോഗിച്ചതിന് സമാനമായി 2800എംഎഎച്ച് ബാറ്ററിയിലായിരിക്കും ഇതു പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വില ഏകദേശം 89,900 രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും താരിഫുകളും ഇറക്കുമതി തീരുവകളും ഇത് ഉയർത്തിയേക്കാം. അങ്ങനെ സംഭവിച്ചാൽ വില ഏകദേശം 95,000 രൂപയായി ഉയർന്നേക്കാം.

ആപ്പിൾ വാച്ചുകൾ
ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3 എന്നിവയും ചടങ്ങിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സീരീസ് 11ൽ വലിയ ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്, അതേസമയം പുതിയ അൾട്രാ മോഡലിൽ നിറം മാറ്റത്തിനും സാദ്ധ്യതയുണ്ട്.

എയർപോഡ്സ് പ്രോ 3
മൂന്നാം തലമുറ എയർപോഡ്സ് പ്രോയും ഇന്നത്തെ ചടങ്ങിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ അപ്പ്‌ഡേറ്റുകളോടെയായിരിക്കും എയർപോഡ്സ് പ്രോ 3 പുറത്തിറങ്ങുക.