
വാഷിംഗ്ടൺ: ഗാർഹിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് അഭിപ്രായപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നാഷണൽ ഗാർഡിനെ വിന്യസിച്ചതിനാൽ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ നടപടികളെ ദുർബലപ്പെടുത്താൻ എതിരാളികൾ ഭാര്യയുമായി ചെറിയ വഴക്കുകൾ കൂടാറുണ്ടെന്ന റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ അഭിപ്രായം.
'വീട്ടിൽ നടക്കുന്ന കാര്യങ്ങളെയാണ് അവർ കുറ്റകൃത്യങ്ങൾ എന്ന് വിളിക്കുന്നത്.എന്തെങ്കിലും കാര്യം കണ്ടെത്താൻ വേണ്ടി അവർ എന്തും ചെയ്യും. ഒരു പുരുഷൻ തന്റെ ഭാര്യയുമായി ചെറിയൊരു വഴക്കുണ്ടായാൽ, അവർ പറയുന്നത് ഇതൊരു കുറ്റകൃത്യം നടന്ന സ്ഥലമാണെന്നാണ് '- വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തിൽ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കുറ്റകൃത്യങ്ങൾ പെരുകുന്നത് തടയാൻ ന്യൂയോർക്കിൽ നാഷണൽ ഗാർഡിലെ 800 സൈനികരെയാണ് ട്രംപ് വിന്യസിച്ചത്. എന്നാൽ ഈ നീക്കത്തിനെതിരെ വ്യാപകമായ എതിർപ്പുകളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ട്രംപ് പറയുന്നത് ഇപ്പോൾ ഒരു കുറ്റകൃത്യങ്ങളും തലസ്ഥാനത്ത് നടക്കുന്നില്ലെന്നാണ്.
87 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകളും സൂചിപ്പിച്ചു. എന്നാൽ ട്രംപ് അവകാശപ്പെടുന്ന പോലെ കുറ്റകൃത്യങ്ങളിൽ നിന്ന് പൂർണ്ണമായും യുഎസ് തലസ്ഥാനം മുക്തമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.