coconut

മലയാളികൾക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് തേങ്ങ. എല്ലാ ദിവസവും അരമുറി തേങ്ങയുടെ അവശ്യമെങ്കിലും വരാറുണ്ട്. പല അവസരങ്ങളിലും നാം പൊട്ടിക്കുന്ന തേങ്ങയുടെ രണ്ട് ഭാഗവും ഉപയോഗിക്കേണ്ടി വരില്ല. ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അവ പെട്ടെന്ന് ചീത്തയാകുന്നു. അമിതവില കൊടുത്ത് വാങ്ങുന്ന തേങ്ങ ഇത്തരത്തിൽ നശിച്ചുപോകാതിരിക്കാൻ എന്തുചെയ്യണമെന്ന് നോക്കിയാലോ?

ചിരകിയതോ കഷ്ണങ്ങളാക്കിയതോ ആയ തേങ്ങ ഒരു വായു കടക്കാത്ത പാത്രത്തിലോ സിപ്പ് ലോക്ക് കവറിലോ ഇട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. ഇത് അ‌ഞ്ചു മുതൽ ഏഴ് ദിവസം വരെ പുതുമയോടെ ഇരിക്കാൻ സഹായിക്കുന്നു. വെള്ളിച്ചെണ്ണയ്ക്ക് പ്രകൃതിദത്തമായ ആന്റിമെെക്രോബിയൽ ഗുണങ്ങളുണ്ട്. അതിനാൽ തേങ്ങാമുറി ഫ്രിഡ്‌ജിൽ വയ്ക്കുന്നതിന് മുൻപ് അൽപം വെള്ളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് തേങ്ങ ഫ്രഷായി ഇരിക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല സുഗന്ധവും നൽകും.

സാധാരണയായി തേങ്ങ ഫ്രീസറിൽ വയ്ക്കാറില്ല. ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞ് ഉപയോഗിക്കുന്ന തേങ്ങ ആണെങ്കിൽ മാത്രം ചിരകിയോ,​ കഷ്ണങ്ങളാക്കിയോ സീൽ ചെയ്യാവുന്ന ഫ്രീസർ ബാഗിൽ വയ്ക്കുക. ഇത് ഫ്രീസറിൽ വയ്ക്കുന്നതിന് മുൻപ് ബാഗിലെ വായു പൂർണമായും കളയണം. ഇങ്ങനെ അഞ്ച് മാസം മുതൽ ആറ് മാസം വരെ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇവ ഫ്രീസറിൽ നിന്ന് എടുത്ത് പുറത്തുവയ്ക്കുന്നത് നല്ലതായിരിക്കും.