aishwarya-rai-bachchan

ന്യൂഡൽഹി: നടി ഐശ്വര്യ റായ്‌ ബച്ചന്റെ ഹ‌ർജിയിൽ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇൻജക്ഷൻ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ഡൽഹി ഹൈക്കോടതി. നടിയുടെ അനുവാദമില്ലാതെ ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും വ്യക്തികളും ചിത്രങ്ങൾ ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തടയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് തേജസ് കറിയയാണ് ഇക്കാര്യം അറിയിച്ചത്.

വിഷയത്തിൽ നിരവധി പരാതികളുണ്ടെന്നും പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെങ്കിൽ പ്രത്യേകം ഇൻജെക്ഷൻ പാസാക്കുമെന്നും കോടതി അറിയിച്ചു. തന്റെ പബ്ളിസിറ്റിയും വ്യക്തി അവകാശങ്ങളും സംരക്ഷിക്കപ്പെടമെന്നാവശ്യപ്പെട്ട് ഐശ്വര്യ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. മുതിർന്ന അഭിഭാഷകനായ സന്ദീപ് സേത്തിയാണ് നടിക്കുവേണ്ടി ഹാജരായത്.

നടിയുടെ ചിത്രങ്ങൾ സാധനങ്ങൾ വിൽക്കാൻ മാത്രമല്ല, അശ്ലീല ദൃശ്യങ്ങളിലും ഉപയോഗിക്കുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. 'ഇത് വളരെ ഞെട്ടിക്കുന്നതാണ്. നടിയുടെ മോർഫ് ചെയ്ത, എഐ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്. സ്വകാര്യ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവരുടെ ലൈംഗികാവശ്യങ്ങൾ നിറവേറ്റാനാണ് ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നത്. നടിയുടെ മുഖവും പേരും ഉപയോഗിച്ച് പ്രതികൾ പണം സമ്പാദിക്കുകയാണ്'- അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഐശ്വര്യ നേഷൻ വെൽത്ത് എന്നൊരു സ്ഥാപനം നടിയുടെ ചിത്രം ലെറ്റർഹാൻഡിൽ ഉപയോഗിക്കുകയും ചെയർപേഴ്‌സണൻ ആയി അവരുടെ പേര് നൽകുകയും ചെയ്തു. നടിക്ക് ഇക്കാര്യത്തിൽ യാതൊരു അറിവുമില്ലെന്നും സന്ദീപ് സേത്തി ചൂണ്ടിക്കാട്ടി.