
കാഠ്‌മണ്ഡു: നേപ്പാളിൽ രണ്ടാം ദിവസവും വ്യാപക പ്രതിഷേധം തുടരുന്നു. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവയ്‌ക്കുംവരെ പിന്നോട്ടില്ലെന്നാണ് ജെൻ സി പ്രതിഷേധക്കാർ പറയുന്നത്. ഇന്നലെ പ്രക്ഷോഭത്തിൽ 20പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കി ജലവിതരണ മന്ത്രി പ്രദീപ് യാദവ് ഇന്ന് മന്ത്രി സ്ഥാനം രാജിവച്ചു.
സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല.ഇന്നലെ രാത്രിയോടെയാണ് നേപ്പാളിൽ സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചത്. ദേശീയ സുരക്ഷയുടെ പേരിലാണ് സമൂഹമാദ്ധ്യമ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കാഠ്‌മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്.
അതേസമയം, പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്നാണ് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശൂഭ ഗുരുങ് അഭ്യർത്ഥിച്ചത്. എന്നാൽ സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻ സി പ്രക്ഷോഭം ആളിക്കത്തിയതോടെ അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സമൂഹമാദ്ധ്യമ നിരോധനം പിൻവലിക്കാൻ തീരുമാനിച്ചത്.