man

സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനും ആളുകളുടെ മുന്നിൽ ഷൈൻ ചെയ്യാനുമൊക്കെയായി വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെക്കൊണ്ട് അഭ്യാസം കാണിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലുള്ള പല കോമാളിത്തരങ്ങളും അപകടങ്ങളിൽ കലാശിച്ചിട്ടുമുണ്ട്. ചില സാഹചര്യങ്ങളിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്.

കൂറ്റൻ പെരുമ്പാമ്പിനെ കൈയിലെടുത്ത് ചുംബിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെരുമ്പാമ്പിന് വിഷമില്ല. അതിനാൽത്തന്നെ അത് കടിക്കില്ലെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. വീഡിയോയിലുള്ള യുവാവും അങ്ങനെയൊരു തെറ്റിദ്ധാരണയുടെ പുറത്തായിരിക്കാം പാമ്പിനെ ഒട്ടും പേടിക്കാതെ കൈയിലെടുക്കുകയും അതിന്റെ തലയിൽ ചുംബനം നൽകാൻ ശ്രമിക്കുകയും ചെയ്തത്.

എന്നാൽ പിന്നീട് അവിടെ സംഭവിച്ചത് യുവാവ് സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു. ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കവിളിൽ പാമ്പ് കടിച്ചു. കൂർത്ത പല്ലുകൊണ്ട് യുവാവിന്റെ കവിളിൽ പിടിത്തമിട്ടു. ഇതോടെ യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിന്റെ പിടിത്തംവിടീക്കാനായത്. ഇത്രയുമാണ് വീഡിയോയിലുള്ളത്. എവിടെയാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല.

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്‌തു. നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തിരിക്കുന്നത്. വിഷപ്പാമ്പ് അല്ലാത്തതിനാൽ യുവാവിന്റെ ജീവന് അപകടമൊന്നും സംഭവിച്ചുകാണില്ലെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. മാത്രമല്ല ഒരു ജീവിയെ വേദനിപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള സാഹസങ്ങൾ കാണിക്കുന്നതിനെ നിരവധി പേരാണ് വിമർശിച്ചിരിക്കുന്നത്. ചിലരാകട്ടെ യുവാവിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.