
ഒട്ടാവ: ഒട്ടേറെ സ്വപ്നങ്ങളുമായിട്ടാണ് കാനഡയെന്ന രാജ്യത്തേക്ക് ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾ വിമാനം കയറുന്നത്. ലോകോത്തര വിദ്യാഭ്യാസത്തിലൂടെ ജീവിതം മെച്ചപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കാമ്പസുകളിൽ പഠിക്കുന്നതിനും, സുരക്ഷിതത്വം ആസ്വദിക്കാനും, നല്ല ശമ്പളമുള്ള ജോലികൾ കണ്ടെത്താനും കഴിയുമെന്നുമാണ് എല്ലാവരുടെയും പ്രതീക്ഷ.
എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ വിദേശത്തേക്ക് താമസം മാറിയ ശേഷം വിദ്യാർത്ഥികളിൽ ചിലർ നേരിടുന്ന കഠിനമായ ബുദ്ധിമുട്ടുകളെയാണ് വെളിപ്പെടുത്തുന്നത്. കാനഡയിലെ ജീവിതം സോഷ്യൽ മീഡിയയിൽ കാണുന്നതു പോലെ അത്ര ഗ്ലാമറസല്ല എന്ന യാഥാർത്ഥ്യത്തെയാണ് വൈറലായ വീഡിയോ തുറന്നുകാട്ടുന്നത്.
പൊതുസ്ഥലത്ത് കൈയിൽ കാർഡ്ബോർഡ് കഷ്ണം പിടിച്ച് നിലത്തിരിക്കുന്ന യുവതിയെ കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ക്യാമറ യുവതിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവർ അത് മനസ്സിലാക്കുകയും പെട്ടെന്ന് മുഖം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
കുറച്ചു സമയത്തിനുശേഷം കാർഡ്ബോർഡ് മുറുകെ പിടിച്ചുകൊണ്ട് യുവതി നിലത്തു നിന്നും എഴുന്നേറ്റു. ദൃശ്യങ്ങൾ പകർത്തുന്നയാളെ നോക്കാതെ ആൾക്കൂട്ടത്തിനിടയിലേക്ക് യുവതി അപ്രത്യക്ഷയാവുകയായിരുന്നു.
ലക്ഷകണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ ഇതുവരെ ദൃശ്യങ്ങൾ കണ്ടത്. ഒട്ടേറെ പേർ യുവതിയോട് സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ട് പിന്തുണ നൽകി. ഒരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ റെക്കാർഡുചെയ്യാൻ ആർക്കും കഴിയില്ലെന്ന് മറ്റു ചിലർ ചൂണ്ടികാണിച്ചു. ഒരാളുടെ അവസ്ഥ എന്താണെന്ന് പൂണമായും മനസിലാക്കാതെ ഇത്തരത്തിൽ മുൻവിധിയോടെ സമീപിക്കുന്നത് ശരിയല്ലെന്നും ഒട്ടേറെ പേർ കമന്റു ചെയ്തു.