നല്ല കട്ടിയും നീളവുമുള്ള മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എത്രയൊക്കെ സംരക്ഷിച്ചാലും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മുടി വളരണമെന്നില്ല. ഇതിന് കാരണങ്ങൾ പലതാണ്. ജീവിതശൈലി, കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലാത്തത്, മുടിയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. അതിനാൽ മുടി നല്ലരീതിയിൽ വളരണമെന്ന് ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
വെള്ളം - ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിച്ചാൽ മാത്രമേ ചർമം മൃദുവായിരിക്കുകയുള്ളു. ചർമം വരണ്ടാൽ താരൻ, മുടികൊഴിച്ചിൽ, മുടിപൊട്ടിപ്പോകൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അതിനാൽ വെള്ളം കുടിക്കാൻ മറക്കരുത്.
ആഹാരം - ഭക്ഷണത്തിലെ പോഷകക്കുറവാണ് മുടികൊഴിച്ചിലിന് മറ്റൊരു പ്രധാന കാരണം. ശിരോചർമത്തിൽ നിന്ന് മുടിയുടെ കട്ടി കുറഞ്ഞ് വരുന്നതിനും മുടി പൊട്ടിപ്പോകുന്നതിനും ഇത് കാരണമാകും. മുടിക്കായ, മുടിയുടെ അറ്റം പിളരുക എന്നീ പ്രശ്നങ്ങൾക്കും പ്രധാന കാരണം പോഷകക്കുറവാണ്. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കി മുടി നല്ല കട്ടിയായി വളരുന്നതിന് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്.
വ്യായാമം - മുടിയുടെ ആരോഗ്യം നിലനിർത്താനും ദിവസേനയുള്ള വ്യായാമം അനിവാര്യമാണ്. ഇത് രക്ത ചംക്രമണം വർദ്ധിപ്പിച്ച് മുടിക്ക് വേണ്ട പോഷകങ്ങൾ ശരിയായ വിധത്തിൽ എത്തുന്നതിന് സഹായിക്കുന്നു. അതിനാൽ, പതിവായി വ്യായാമം ചെയ്യുക.
കെട്ടിവയ്ക്കരുത് - അമിതമായി വലിച്ചുമുറുക്കി മുടി കെട്ടരുത്. പലർക്കും ഇഷ്ടം പോണിടെയ്ൽ പോലുള്ള ഹെയർസ്റ്റൈലുകളാകും. എന്നാൽ, ഇതെല്ലാം മുടിക്ക് ദോഷമാണ്. അതിനാൽ, മുടി എപ്പോഴും ലൂസായി കെട്ടാൻ ശ്രമിക്കുക.