
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നാളെ മുതൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങുന്നവർക്ക് പ്ലാസ്റ്റിക്ക് കുപ്പിക്ക് 20 രൂപ അധികം നൽകണം. ആദ്യ ഘട്ടത്തിൽ 20 ഔട്ട്‌ലെറ്റുകൾ വഴിയാകും മദ്യക്കുപ്പികൾ ശേഖരിക്കുക. ഡെപ്പോസിറ്റ് നൽകുന്ന 20 രൂപ കുപ്പി നൽകിയാൽ തിരികെ ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ ആരംഭിക്കുന്നതെന്നും ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു.
സ്വകാര്യസംരംഭകരുടെ സഹകരണത്തോടെയാണ് കുപ്പി സമാഹരണം. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും പിന്നാലെ മറ്റിടങ്ങളിലും ഇത് നടപ്പാക്കും. ഏത് ഔട്ട്‌ലെറ്റിൽ കുപ്പി കൊടുത്താലും പണം കിട്ടുന്ന പദ്ധതി നടപ്പാക്കുന്നതും പരിശോധിക്കും. തമിഴ്നാട്ടിലെ മാതൃകയാണ് നടപ്പാക്കുന്നത്. ഇതിനായി ബെവ്‌കോ, ക്ലീൻ കേരളം കമ്പനി, എക്‌സൈസ്, ശുചിത്വമിഷൻ എന്നിവർ സംയുക്തമായി തമിഴ്നാടിന്റെ രീതി പഠിച്ചിരുന്നു.
സംസ്ഥാനത്ത് ഒരുവർഷം 70 കോടി പ്ളാസ്റ്റിക് മദ്യക്കുപ്പികളാണ് വിൽക്കുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക, മാലിന്യ പ്രശ്നത്തെ തുടർന്നാണ് തീരുമാനം. ഒക്ടോബർ ഒന്നു മുതൽ പാക്ക് ചെയ്യാൻ ന്യൂസ് പേപ്പർ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകില്ലെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു. മദ്യം വാങ്ങി കൊണ്ടു പോകാൻ ബെവ്‌കോയുടെ ബാഗ് ഉണ്ടാകും. ബാഗ് കൊണ്ടുവരേണ്ടവർക്ക് അത് കൊണ്ടുവരാം. ബെവ്‌കോ നൽകുന്ന ബാഗിൽ ബെവ്‌കോ ലേബൽ ഉണ്ടാകില്ലെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.