sarah

വേഗതയേറിയ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആത്മാർത്ഥമായ ബന്ധങ്ങളെ നിലനിർത്തുന്നതും രൂപപ്പെടുത്തുന്നതുമൊക്കെ വെല്ലുവിളി നിറഞ്ഞ കാര്യമായി മാറിയിരിക്കുന്നു. ഏകാന്തതയെ നേരിടാൻ പുതിയ വഴികൾ പരീക്ഷിക്കുന്നവരും നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട്. ചിലർ കൂട്ടുകൂടാനായി പണം ചെലവാക്കാൻ പോലും തയ്യാറാണ്. പ്രത്യേകിച്ച് ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ, 'റെന്റ്-എ-ബോയ്ഫ്രണ്ട്', 'റെന്റ്-എ-ഗേൾഫ്രണ്ട്' തുടങ്ങിയ സേവനങ്ങൾ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നുള്ള ഒരു അസാധാരണ സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.


ടോക്കിയോയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഓസ്‌ട്രേലിയക്കാരിയായ സാറ, തന്റെ ഏകാന്തതയെ നേരിടാൻ വ്യത്യസ്തമായ എന്തെങ്കിലും പ്രവൃത്തി പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തിലേറെ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സാറ, വാടകയ്ക്ക് കാമുകൻമാരെ കിട്ടുന്ന ഒരു വെബ്‌സൈറ്റ് കാണാനിടയായി. അതിൽ 26കാരനായ നരുമി എന്ന യുവാവുമായി സാറ രണ്ട് മണിക്കൂർ സമയത്തേക്ക് ഡേറ്റിംഗ് ബുക്ക് ചെയ്തു.


രണ്ടു മണിക്കൂറിന് 150 പൗണ്ടാണ് നരുമിയുമായുള്ള ഡേറ്റിംഗിനുള്ള ചെലവ്. ഇന്ത്യൻ രൂപ ഏകദേശം 18,000. മറ്റു അധിക ചെലവുകളൊന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. വളരെ ചെലവേറിയ കാര്യമാണെങ്കിലും തുടർന്നുള്ള നിമിഷങ്ങൾ സാറയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത അവിസ്മരണീയമായ അനുഭവമാക്കി ആ ഡേറ്റിംഗ് മാറ്റുകയായിരുന്നു.


ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് മുമ്പ്, നരുമി സാറയെ “എന്റെ തേൻ” എന്നും രാജ്ഞിയെന്നും വിളിച്ച് മധുരവും സ്നേഹവുമുള്ള വാചകങ്ങളോടെ സന്ദേശങ്ങൾ അയച്ചിരുന്നു. “ഈ യുവാവിന് ഒരാളെ എങ്ങനെ പരിഗണിക്കണമെന്ന് ശരിക്കും അറിയാമെന്ന് പറഞ്ഞുകൊണ്ട് സാറ തന്റെ അനുഭവം യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയും ചെയ്തു.

2024 ജനുവരി മുതൽ താൻ ഈ ജോലി ചെയ്യുന്നുണ്ടെന്നും ഓരോ ദിവസവും പത്ത് സ്ത്രീകളുമായിട്ടെങ്കിലും ഡേറ്റിംഗ് നടത്താറുണ്ടെന്നും നരുമി പറഞ്ഞു. കൂടുതലും കോളേജ് വിദ്യാർത്ഥികളും വിവാഹിതരായ സ്ത്രീകളുമായിട്ടാണ് ഡേറ്റിംഗിൽ ഏർപ്പെടാറുള്ളതെന്നും നരുമി വെളിപ്പെടുത്തി. ഡേറ്റിംഗ് നടത്തുന്നത് മുഴുവൻ സമയ തൊഴിലായി കണക്കാക്കുന്നില്ലെങ്കിലും, സമയത്തിന്റെ ഭൂരിഭാഗവും ഈ ജോലിക്കായി ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. പതിവായി ബുക്ക് ചെയ്യുന്ന സ്ഥിരം ക്ലയന്റുകളും നരുമിക്കുണ്ടെന്ന് സാറയുടെ യൂട്യൂബ് ചാനലിലൂടെ നരുമി പറഞ്ഞു.


നരുമിയുടെ ക്ലയന്റുകളിൽ ആരെങ്കിലുമായി പ്രണയത്തിലായിട്ടുണ്ടോ എന്ന് സാറ ചോദിച്ചപ്പോൾ അദ്ദേഹം മൗനം പാലിച്ചു. എന്നാൽ തന്റെ ഏറ്റവും ദൈർഘ്യമേറിയ ഡേറ്റിംഗ് 50 മണിക്കൂർ വരെ നീണ്ടുനിന്നുവെന്നും ഒരു ആഴ്ച വരെ നീണ്ടുനിൽക്കുന്ന ബുക്കിംഗുകൾക്കും താൻ സമ്മതിക്കാറുണ്ടെന്നും നരുമി പറയുന്നു. സാറയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്.