police


തൃശ്ശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലുള്ള സി.സി.റ്റി.വി. ദൃശ്യങ്ങളിലെ മനുഷ്യാവകാശ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ എസ്.ഐ.ക്കെതിരെ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ഇക്കഴിഞ്ഞ മെയ് 30 ന് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിശദീകരണം സമര്‍പ്പിച്ചിട്ടില്ല. തുടര്‍ന്നാണ് നോട്ടീസയച്ചത്. കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്റ്റേഷനില്‍ സൂചിപ്പിച്ചിരിക്കുന്ന സി.സി.റ്റി.വി. ദൃശ്യങ്ങളുടെ പകര്‍പ്പ് പൊതുപ്രവര്‍ത്തകന് നല്‍കുന്നതിന് നിയമതടസമുണ്ടോ എന്നതു സംബന്ധിച്ചും സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതും അടിയന്തരമായി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ കഴിയുന്ന വിവിധ ഓഫീസുകളുടെ വിലാസം സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപെട്ടിരുന്നു. ഇതും അടിയന്തരമായി ലഭ്യമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തകനായ പി. ബി. സതീഷാണ് പീച്ചി കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ കമ്മീഷനില്‍ പരാതി നല്‍കിയത്. പീച്ചി കസ്റ്റഡി മര്‍ദ്ദനം മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷിച്ച് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.