
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്കു തീവണ്ടി ഡബിൾ ഡെക്കർ ബസുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. ബസിൽ ആകെ 51പേരാണ് ഉണ്ടായിരുന്നത്. 55 പേർക്കാണ് ആകെ പരിക്കേറ്റതെന്നാണ് വിവരം. മെക്സിക്കോ സിറ്റിയിൽ നിന്ന് 115 കിലോമീറ്റർ വടക്കു പടിഞ്ഞാറായി മറാവറ്റിയോ-അറ്റ്ലാകോ മുൽകോ ഹൈവേയിലെ ലെവൽ ക്രോസിംഗിൽ തിങ്കളാഴ്ചയാണ് കൂട്ടയിടി നടന്നത്.
ലെവൽ ക്രോസിങ്ങിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്ന ബസിന്റെ മദ്ധ്യഭാഗത്ത് വേഗത്തിൽ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. തീവണ്ടി വന്ന് ഇടിക്കുന്നതിന്റെ സി സി ടി വി ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തിന്റെ യഥാർത്ഥ കാരണത്തെകുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് തൊട്ടുമുൻപ് വരെ വാഹനങ്ങൾ ക്രോസിംഗിലുടെ പോകുന്നത് വിഡിയോയിൽ കാണാം. മൂന്ന് സ്ത്രീകളും ഏഴ് പുരുഷന്മാരും മരിച്ചതായാണ് മെക്സിക്കോ സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചത്.
ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന കനേഡിയൻ പസഫിക് കൻസാസ് സിറ്റി ഡി മെക്സിക്കോ റെയിൽവേ അധികൃതർ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു.