tax-collection

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ പരസ്യ നികുതി ഇനത്തിലും കോടികളുടെ കുടിശിക. 2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് വിവരങ്ങൾ. 3,06,64,338 രൂപയുടെ കുടിശികയാണുള്ളത്. മുമ്പ് കെട്ടിട നികുതി ഇനത്തിൽ 184 കോടിയോളമാണ് പിരിച്ചെടുക്കാനുള്ളതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ എണ്ണമറ്റ ക്രമക്കേടുകളും വീഴ്ചകളും റിപ്പോർട്ടിലുണ്ട്.

കണ്ടെത്തലുകൾ

പച്ചാളം ലൂർദ്ദ് ആശുപത്രിയിലെ വൻകെട്ടിടങ്ങളുടെ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്നും കോടികളുടെ നികുതി കുടിശികയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നിലവിലെ കെട്ടിടങ്ങളുടെ മുകൾ നിലകൾ പണിയാൻ 2001ൽ വാങ്ങിയ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചായിരുന്നു നിർമ്മാണമെന്നും കണ്ടെത്തിയിട്ടുണ്ട്. 2008 മുതൽ നികുതി കുടിശിക 5.23 കോടി രൂപയാണ്.
30844.55 ചതുരശ്ര മീറ്റർ നിർമ്മാണത്തിനായിരുന്നു അനുമതിയെങ്കിലും 35,660.91 ചതുരശ്ര മീറ്ററിലായിരുന്നു നിർമ്മാണം. ആവശ്യത്തിന് കാർ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയില്ല. തദ്ദേശ മന്ത്രിയുടെ അദാലത്തിൽ 2019ൽ സമർപ്പിച്ച അപേക്ഷ പ്രകാരം ആവശ്യമായ പാർക്കിംഗ് ആറു മാസത്തിനകം പൂർത്തീകരിക്കുമെന്ന ഉറപ്പിൽ അനധികൃത നിർമ്മാണങ്ങൾക്ക് ഒക്യുപെൻസിയും വാങ്ങിയെടുത്തു. അധികമായി നിർമ്മിച്ച ഏരിയയ്ക്ക് 2008 ഏപ്രിൽ ഒന്ന് മുതൽ നികുതി ഈടാക്കാനും ഒക്യുപെൻസി അനുവദിക്കുന്ന തീയതി മുതൽ സാധാരണ നികുതി ഈടാക്കുന്നതിനും നിർദ്ദേശിച്ചിരുന്നെങ്കിലും ലൂർദ് ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2020ലെ ഒക്യുപൻസി പരിഗണിച്ച് കെട്ടിടങ്ങൾക്ക് സാധാരണ നികുതി ഈടാക്കാൻ 202324ൽ തീരുമാനിച്ചിരുന്നു.