
തിരുവനന്തപുരം: ഒരു പവൻ സ്വർണാഭരണത്തിന് ദീപാവലിയോടെ പണിക്കൂലി സഹിതം വില ഒരുലക്ഷം രൂപയ്ക്ക് മുകളിലാകാൻ സാദ്ധ്യത. ഏറ്റവും കുറഞ്ഞ പണിക്കൂലി 5% ആണ്. നെക്ക്ലേസ് പോലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി 10മുതൽ 18% വരെ വരും. ഒഴുക്കൻ വള പോലുള്ളവയ്ക്കാണ് കുറഞ്ഞ പണിക്കൂലിയായ 5 ശതമാനം. ഇതിനുതന്നെ 3 ശതമാനം നികുതിയും സർവ്വീസ്ചാർജും ചേരുമ്പോൾ പവന് ഇപ്പോൾ 87,754.80 രൂപയാകും.
ലോകത്ത് വിശ്വസിക്കാവുന്ന ഏക നിക്ഷേപസാദ്ധ്യതയെന്ന നിലയിൽ സ്വർണ്ണം മാറിയതാണ് ഈ കുതിപ്പിന് കാരണമെന്ന് സ്വർണ്ണ വിപണിയുടെ നിരീക്ഷകനും വിദഗ്ദ്ധനുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു. വില കൂടിയതോടെ സംസ്ഥാനത്ത് സ്വർണ്ണത്തോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ദീപാവലിയോടെ താൽപര്യം കൂടുന്നതാണ് ട്രെൻഡ്. ദീപാവലിക്ക് നിക്ഷേപ താൽപര്യം കൂടുന്നതോടെ ഡിമാൻഡും കൂടും.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്കയുടെ താരിഫ് ഇടപെടലുകളും യൂറോപ്പിലേയും മദ്ധ്യേഷ്യയിലേയും യുദ്ധസാഹചര്യവും കറൻസികളെ ദുർബലമാക്കുന്നു. കൂടാതെ അമേരിക്കയിലെ അനിശ്ചിതാവസ്ഥ ജാപ്പനീസ് യെന്നിനെതിരെ ഡോളറിന്റെ മൂല്യം ഇടിച്ചതും സ്വർണ്ണത്തിലേക്ക് നിക്ഷേപം മാറാൻ ഇടയാക്കി.
ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 10,000 രൂപ കവിഞ്ഞതോടെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 250 ലക്ഷം കോടിക്ക് മുകളിലെത്തി. ഇന്ത്യൻ കുടുംബങ്ങൾ, അതിസമ്പന്നർ, ക്ഷേത്രങ്ങൾ എന്നിവയുടെ കൈവശം 25,000 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. നിലവിലെ വിലയനുസരിച്ച് ഒരു കിലോ സ്വർണത്തിന് ഒരു കോടി രൂപയാണ് വില. കഴിഞ്ഞ 25 വർഷങ്ങളിൽ പ്രതിവർഷം ശരാശരി 700 ടൺ സ്വർണം വീതം മൊത്തം 17,500 ടണ്ണാണ് ഇന്ത്യ ഔദ്യോഗികമായി ഇറക്കുമതി നടത്തിയത്. കള്ളക്കടത്തിലൂടെ ഇന്ത്യയിലെത്തിയ സ്വർണം ഇതിന്റെ മൂന്നിരട്ടിയുണ്ടാകും.
ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനർകയറ്റുമതി നടത്തിയത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വർണ ശേഖരം അയ്യായിരം ടൺ കവിയും. പുതിയ കണക്കുകളനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശം 880 ടൺ സ്വർണമാണുള്ളത്. ഇതിന്റെ മൂല്യം 8.8 ലക്ഷം കോടി രൂപയാണ്.