
യുവജന പ്രക്ഷോഭത്തിന്റെ തീയിൽ രണ്ട് ദിവസം പോലും പിടിച്ച് നിൽക്കാൻ കഴിയാതെയാണ് ഇന്നലെ നേപ്പാൾ സർക്കാർ നിലംപൊത്തിയത്. രാജിയ്ക്ക് പിന്നാലെ നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്ന കെ പി ശർമ്മ ഒലി ജീവൻ രക്ഷിക്കാൻ ദുബായിലേക്ക് കടന്നു. ഇനി നേപ്പാളിന്റെ ഭാവി എന്ത്? ഈ ചോദ്യത്തിന് ഉത്തരമായി ജെൻ സി തന്നെ മുന്നോട്ട് വയ്ക്കുന്ന പേരാണ് റാപ്പർ ബലേൻ എന്നറിയപ്പെടുന്ന ബലേന്ദ്ര ഷാ. 35കാരനായ ഇദ്ദേഹം കാഠ്മണ്ഡുവിലെ മേയറാണ്.
ആരാണ് ബലേന്ദ്ര ഷാ
1990 ഏപ്രിൽ 27ന് കാഠ്മണ്ഡുവിൽ ജനിച്ച് ബലേൻ, സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ആയുർവേദ ഡോക്ടറായ രാം നാരായൺ ഷായുടെയും ധ്രുവദേവി ഷായുടെയും ഇളയ മകനാണ് ബലേന്ദ്ര ഷാ. കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് സ്ട്രക്‌ചറൽ എൻജനിയറിംഗിൽ ബിരുദാനന്തരബിരുദം നേടി. റാപ്പ് സംഗീതത്തോടായിരുന്നു പ്രിയം. അഴിമതി, അസമത്വം എന്നിയ്ക്കെതിരെ റാപ്പ് ഗാനങ്ങൾ എഴുതി പാടി. പെട്ടെന്നായിരുന്നു ബലേന്റെ രാഷ്ട്രീയ പ്രവേശനം.

2022ൽ കാഠ്മണ്ഡുവിലെ മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. 61,000 ലേറെ വോട്ടിനായിരുന്നു ജയം. കാഠ്മണ്ഡുവിന്റെ 15-ാമത്തെ മേയറായപ്പോൾ ഈ പദവിലെത്തുന്ന ആദ്യ സ്വതന്ത്രനായിരുന്നു അദ്ദേഹം. അന്ന് ബലേന് 33 വയസ് ആയിരുന്നു. അന്നുമുതൽ അഴിമതിക്കെതിരെ പോരാടി. ഇത് ഏറെ ജനശ്രദ്ധയ്ക്ക് കാരണമായി. ടെെം മാഗസിൻ അദ്ദേഹത്തെ വളർന്നുവരുന്ന 100 ലോകനേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബലേൻ കൺസർട്ടിംഗ് ആൻഡ് കൺസ്ട്രക്ഷൻ പ്രെെവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. സബീന കഫ്‌ലയാണ് ഭാര്യ.

റാപ്പറിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
തന്റെ രാഷ്ട്രീയപ്രവേശനത്തിന് മുൻപ് തന്നെ ജനങ്ങൾക്കിടെയിൽ ശ്രദ്ധനേടിയ റാപ്പറാണ് ബലേൻ. സാമൂഹിക, രാഷ്ട്രീയ വിഷങ്ങളെ അഭിസംബോധന ചെയ്ത ഗാനങ്ങൾ എഴുതുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സാമൂഹിക നിരൂപകൻ എന്ന നിലയിലും പ്രശസ്തൻ. നേപ്പാളിലെ മുഖ്യപ്രശ്നങ്ങളായ അഴിമതി, അസമത്വം, വികസനമില്ലായ്മ എന്നിവയെക്കുറിച്ചുള്ള ബലേന്റെ ഗാനങ്ങൾ കൂടുതലും സ്വാധീനിച്ചത് അവിടത്തെ യുവജനങ്ങളെയാണ്. അഞ്ച് വർഷം മുൻപ് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ബലിദാർ' (ത്യാഗം) എന്ന ഗാനം വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. യൂട്യൂബിൽ 11മില്യൺ വ്യൂസാണ് ഈ ഗാനം ഇതുവരെ നേടിയത്. മാറ്റം ആഗ്രഹിക്കുന്നവർക്കിടയിൽ ഇതൊരു ദേശീയഗാനമായി മാറി. ഈ ജനശ്രദ്ധയിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

മേയറായതിന് ശേഷമുള്ള ബലേന്റെ ആദ്യ തീരുമാനം വരെ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. മുൻസിപ്പൽ കൗൺസിൽ യോഗങ്ങൾ തത്സമയ സംപ്രേക്ഷണം ഏർപ്പെടുത്തുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഈ നടപടിയിലൂടെ ജനങ്ങൾക്ക് ഭരണകാര്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞു. കൂടാതെ വർഷങ്ങളായി കാഠ്മണ്ഡു നേരിട്ടിരുന്ന മാലിന്യപ്രശ്നം പരിഹരിച്ചു. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സ്വകാര്യ കമ്പനികളെ ബലേൻ അധികാരപ്പെടുത്തി. ഇത് നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തി.

ജെൻ സി സപ്പോർട്ട്
ജെൻ സിയുടെ പ്രക്ഷോഭത്തിനും ബലേൻ പരസ്യമായി പിന്തുണ നൽകിയിരുന്നു. പ്രക്ഷോഭം അനിവാര്യമായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 28 വയസിന് താഴെയുള്ളവർ മാത്രമേ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പാടുള്ളൂവെന്നതിനാലാണ് താൻ മാറിനിന്നതെന്നും മനസ് പ്രക്ഷോഭം നടത്തുന്നവർക്കൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ യുവജനങ്ങളോട് പ്രക്ഷോഭം നിർത്താനും ബലേൻ ആവശ്യപ്പെട്ടിരുന്നു. 'ദയവായി ശാന്തത പാലിക്കുക. ദേശീയ വിഭവങ്ങളുടെ നഷ്ടം നമ്മുടെ കൂട്ടായ നഷ്ടമാണ്. ഇനി നാമെല്ലാവരും സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇനി മുതൽ, നിങ്ങളുടെ തലമുറയാണ് രാജ്യത്തെ നയിക്കേണ്ടത്' - ബലേൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ട്രെൻഡായി ബലേൻ
'ബലേൻ ഭായ് നേതൃത്വം ഏറ്റെടുക്കണം, രാജ്യത്തെ സംരക്ഷിക്കണം', 'നേപ്പാളിൽ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളത് ബലേൻ ഭായ്ക്ക് മാത്രമാണ്', 'ഇപ്പോൾ നിങ്ങൾ നേതൃത്വം ഏറ്റെടുത്തില്ലെങ്കിൽ പിന്നെ അതിന് സാധിക്കില്ല, ഞങ്ങൾ പിന്നിലുണ്ട്, 'ധെെര്യമായി മുന്നോട്ട് പോകുക' - കെ പി ശർമ്മ ഒലിയുടെ രാജിയ്ക്ക് പിന്നാലെ ജെൻ സിയുടെ ഇത്തരം പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയത്. എന്നാൽ ഇതുവരെ ബലേൻ സ്ഥാനം ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ല.