d

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ക്യൂ നിൽക്കാതെ അതിവേഗം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. നാളെ മുതൽ വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം നിലവിൽ വരും. കേന്ദ്രമന്ത്രി അമിത് ഷാ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്‌ടിഐ-ടിടിപി) വീഡിയോ കോൺഫറൻസിലൂടെ വെർച്വലായി ഉദ്ഘാടനം ചെയ്യും. ടെർമിനൽ 2 ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിലായിരിക്കും വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം നടത്തുക.

കാത്തിരിപ്പ് സമയം കുറയ്ക്കാനും നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ അനുഭവം യാത്രക്കാർക്ക് സമ്മാനിക്കുന്നതിനും വേണ്ടിയാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.സംവിധാനം നിലവിൽ വരുന്നതോടുകൂടി ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡുകൾ കൈവശമുള്ള വിദേശ പൗരന്മാർക്കും ബയോമെട്രിക്സ് വിരലടയാളങ്ങളും ഫോട്ടോയും സമർപ്പിച്ച് പരിശോധന പൂർത്തിയാക്കണം. തുടർന്ന് യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ ഉപയോഗിച്ച് അവരുടെ ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. നിലവിൽ ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, എന്നിവിടങ്ങളിലാണ് ഇ ഗേറ്റ് സംവിധാനമുള്ളത്. തിരുവനന്തപുരത്തും ഇ- ഗേറ്റ് സംവിധാനം വരുന്നതോടുകൂടി യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമാകും.