
ഒരു വാർപ്പിനുള്ളിൽ ചതുർബാഹുവായ ഭഗവാന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചിരിക്കുന്ന ക്ഷേത്രം. ശത്രുനിഗ്രഹശേഷം വിശന്നുവലഞ്ഞ് വന്നിരിക്കുന്ന ഭഗവാന് നിവേദ്യം മുടക്കരുതെന്ന നിബന്ധനയുള്ള കൃഷ്‌ണ ക്ഷേത്രം. ഈ പ്രത്യേകതയെല്ലാമുള്ളത് കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ സ്ഥിതിചെയ്യുന്ന തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിനാണ്.
ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ് ഇന്ത്യയിൽ ഒരു ദിവസം ഏറ്റവുമാദ്യം നട തുറക്കുന്ന ക്ഷേത്രം തിരുവാർപ്പ് ആണ്. പുലർച്ചെ രണ്ട് മണിയ്‌ക്കാണ് ക്ഷേത്രം നടതുറക്കുന്നത്. കംസ നിഗ്രഹശേഷം വിശന്നെത്തിയ കൃഷ്‌ണന് ഉഷപായസം നൽകിയാണ് അമ്മ വിശപ്പടക്കിയതെന്ന് പറയപ്പെടുന്നു. അതിനാൽ രണ്ട് മണിയ്‌ക്ക് നട തുറന്ന് അഭിഷേകം നടത്തി തല മാത്രം തുവർത്തിയ ശേഷം ഉഷപായസം കൃഷ്‌ണന് നേദിക്കുന്നതാണ് ഇവിടെ പതിവ്.
വില്വമംഗലം സ്വാമിയാരാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ നടത്തിയതെന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറേക്കാണ് ദർശനം. ഇവിടെ നിവേദ്യം മുടക്കാൻ പാടില്ല എന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. ഒരിക്കൽ ഏറെനേരം നീണ്ടുനിന്ന ഗ്രഹണ സമയത്ത് ക്ഷേത്രത്തിൽ പൂജകൾ മുടങ്ങി. പിന്നീട് പൂജാരിയെത്തി നട തുറക്കാൻ ശ്രമിക്കുമ്പോൾ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം താഴെ കാൽക്കൽ കിടക്കുന്നത് കണ്ടു. ഇതോടെ പ്രശ്‌നം വച്ചപ്പോൾ ഒരിക്കലും നിവേദ്യം മുടക്കരുത് എന്ന് കണ്ടു. അതോടെ ഏതുവിധത്തിലും ക്ഷേത്രനട തുറക്കാൻ കഴിയാതെ വന്നാൽ വെട്ടിപ്പൊളിച്ച് തുറക്കാൻ കോടാലി സൂക്ഷിക്കുന്ന പതിവ് തുടങ്ങി. പൂജകളൊന്നും മുടങ്ങരുതെന്നും അന്ന് പ്രശ‌്നത്തിൽ തെളിഞ്ഞിരുന്നു.
രാവിലെ പന്തീരടി പൂജയ്‌ക്ക് ശേഷം പുല്ലാട്ട് പൂജ എന്ന വിശേഷാൽ പൂജയുണ്ട്. ഇതിനായി ക്ഷേത്രനട 16 തവണ തുറന്നടക്കും. ഗ്രഹണ സമയത്ത് ക്ഷേത്ര വിഗ്രഹങ്ങൾ മൂടുന്ന പതിവ് മറ്റ് ക്ഷേത്രങ്ങളിലുണ്ട്. എന്നാൽ ഇവിടെ അതില്ല. മാത്രമല്ല ഗ്രഹണം കഴിഞ്ഞാൽ കലശവും അഭിഷേകവും പതിവുണ്ട്.