
നമുക്ക് ഏറ്റവും പ്രിയപ്പെട്ട അതും ജീവന്റെ പാതിയായ ആളുമായി പിരിയേണ്ടി വരുന്ന അവസ്ഥ വളരെയധികം വേദനയുളവാക്കുന്നതാണ്. അവർ തെറ്റുകുറ്റങ്ങൾ പൊറുത്ത് വീണ്ടും ഒന്നായി ചേരുന്ന നിമിഷങ്ങൾ അത്രമേൽ ആനന്ദദായകവുമാണ്. നടി പ്രിയാ രാമന്റെയും നടൻ രഞ്ജിത്തിന്റെയും ജീവിതത്തിൽ സംഭവിച്ച സുപ്രധാന കാര്യങ്ങളെക്കുറിച്ചും മലയാളികളുടെ പ്രിയപ്പെട്ട പ്രിയദർശൻ - ലിസി ദമ്പതികളുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
പ്രിയരാമന്റെയും രഞ്ജിത്തിന്റെയും പ്രണയവിവാഹമായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ജനിച്ചു. പ്രിയരാമൻ അഭിനയത്തിൽ നിന്ന് ഇളവേളയെടുത്തു. ഇതിനിടയിലാണ് രഞ്ജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വാർത്ത പ്രിയയുടെ ചെവിയിലെത്തിയത്. അത് അവരെ തകർത്തുകളഞ്ഞു. ഭർത്താവിനെ ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പതിനാറ് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015ൽ ഇരുവരും വേർപിരിഞ്ഞു. കുട്ടികളുടെ ഭാവി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രിയ രാമൻ വീണ്ടും അഭിനയത്തിൽ തിരിച്ചെത്തി. രഞ്ജിത്ത് കാമുകിയും നടിയുമായ രാഗസുധയെ വിവാഹം കഴിച്ചു. ഒരു വർഷത്തിന് ശേഷം ആ ബന്ധം വേർപിരിഞ്ഞു. അപൂർവമായി സംഭവിക്കുന്ന ഒരു ട്വിസ്റ്റും അവരുടെ ജീവിതത്തിൽ സംഭവിച്ചു. 2018ലെ അവാർഡ് വേദിയിൽ രഞ്ജിത്തായിരുന്നു പ്രിയരാമന് സമ്മാനം നൽകിയത്. ഈ വേദിയിൽവച്ച് രഞ്ജിത്ത് പ്രിയയെ വീണ്ടും പ്രപ്പോസ് ചെയ്തു. അങ്ങനെ വീണ്ടും അവർ ഒന്നായെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.
'ഇവിടെ മലയാള സിനിമയിലും വർഷങ്ങൾക്കിപ്പുറം ഒരു രണ്ടാം ദാമ്പത്യം തുടങ്ങാനുള്ള സാദ്ധ്യത തുറന്നുവരുന്നുണ്ട്. ഗുരുതരമല്ലാത്ത പ്രശ്നങ്ങളാൽ വേർപിരിഞ്ഞുനിൽക്കുന്നവർ ഒന്നാകുന്ന സന്തോഷം പകരുന്ന കാര്യമാണല്ലോ. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി. ഇപ്പോൾ അവർ നല്ല സൗഹൃദത്തിലാണ്. പരസ്പര ബഹുമാനത്തോടെയാണ് രണ്ടുപേരും സംസാരിക്കുന്നത്. വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ രണ്ടുപേരും കൂടിയാണ് തീരുമാനമെടുക്കുന്നത്. പ്രിയനെ കാണാറുണ്ടോയെന്ന് ഞാൻ ലിസിയോട് ചോദിച്ചു. ഈയടുത്ത് സുരേഷ് ബാലാജിയുമായി വീട്ടിൽവന്നിരുന്നെന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചാണ് പോയതെന്നും ലിസി പറഞ്ഞു. രണ്ടുപേരും വേറെ വിവാഹമൊന്നും കഴിച്ചിട്ടില്ല. ഇനി ഒന്നിച്ചുജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കും. അങ്ങനെതന്നെ സംഭവിക്കട്ടെ. മകൾ കല്യാണി സിനിമാരംഗത്ത് കത്തിജ്വലിച്ച് നിൽക്കുകയാണല്ലോ. ലോകയുടെ ഏതെങ്കിലും ആഘോഷവേളയിൽ പ്രിയൻ ലിസിക്കൊരു റോസാപ്പൂവ് നൽകുകയും, ലിസി പ്രിയതമന്റെ നെഞ്ചിലേക്ക് സ്‌നേഹത്തോടെ തലചായ്ക്കുന്ന സുന്ദരനിമിഷത്തിനായി കാത്തിരിക്കാം. അങ്ങനെ അവരുടെ ദാമ്പത്യം വീണ്ടും പുഷ്പിക്കട്ടെ.'- അദ്ദേഹം പറഞ്ഞു.