i-phone-17

ആപ്പിൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അത്യുഗ്രൻ ഫീച്ചറുകളുമായി ഐ ഫോൺ 17ാം സീരീസ് പുറത്തിറക്കിയത്. പുത്തൻ മാറ്റങ്ങളോടെ പുറത്തിറങ്ങിയ സീരിസിൽ താരമായത് ഐഫോൺ 17 എയർ ആണെന്ന കാര്യത്തിൽ സംശയമില്ല. പലരും പുതിയ മോഡൽ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. എന്നാൽ പുതിയ മോഡൽ ഐഫോൺ ഏത് രാജ്യത്തുനിന്ന് വാങ്ങിയാലാണ് ഏറ്റവും വിലക്കുറവിൽ കിട്ടുക? ആപ്പിൾ ഫോണുകൾക്ക് ഓരോ രാജ്യങ്ങളിലും ഓരോ വിലയാണ്. ഓരോ രാജ്യങ്ങളിലെ വില എടുത്ത് പരിശോധിച്ചാൽ പതിനായിരം രൂപയിൽ കൂടുതൽ വ്യത്യാസം വരും.

ഐഫോൺ 17 ബേസ് 256 ജിബി മോഡലിന് 82,900 രൂപയിലാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്. ഐഫോൺ എയറിന്റെ വില 1,19,900 രൂപയിൽ ആരംഭിക്കുന്നു. ഐഫോൺ പ്രോ മോഡലിന് 1,34,900 രൂപയും 17 പ്രോ മാക്സിന് 149,900 രൂപയുമാണ് വില. എല്ലാ പുതിയ ഐഫോണുകളും 256 ജിബി ബേസ് സ്റ്റോറേജ് മോഡലുമായാണ് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ സെപ്തംബർ 12 മുതൽ പ്രീഓർഡറുകൾക്ക് ലഭ്യമാകും. സെപ്തംബർ 19 മുതൽ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും.

ഏറ്റവും വിലക്കുറവിൽ എവിടെ കിട്ടും?
ഏറ്റവും വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വിമാനം കയറേണ്ട രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ചൈനയിൽ ഐഫോൺ 17ന്റെ വില 74,300 രൂപയാണ്. ഓസ്‌ട്രേലിയയിൽ ഇത് 82,000 രൂപ വരും. ജപ്പാനിൽ ഐഫോൺ 17ന് ഏകദേശം 78,000 രൂപയ്ക്ക് ലഭ്യമാകും, യുഎസിൽ ഇത് ഏകദേശം 71,000 രൂപയ്ക്കും കാനഡയിൽ 72,000 രൂപയ്ക്കും ലഭ്യമാകും. യുഎഇയിൽ, ഐഫോൺ 17 ഏകദേശം 75,000 രൂപയ്ക്ക് ലഭ്യമാകും.

ജർമ്മനി പോലുള്ള രാജ്യങ്ങളിൽ, ഐഫോൺ 17 ന്റെ വില ഏകദേശം 98,000 രൂപയിൽ ആരംഭിക്കും. യുകെയിൽ ഇത് ഏകദേശം 1,14,000 രൂപയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 17 ലഭിക്കുന്ന രാജ്യം യുഎസ് തന്നെയാണ്. എന്നാൽ യുഎസിൽ നിന്നും വാങ്ങുന്ന ഐഫോണുകൾ ഇ-സിം പതിപ്പിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. ഇക്കാര്യം എപ്പോഴും മനസിൽ സൂക്ഷിക്കേണ്ട ഒന്നാണ്.