anjanakrishna

മലയിൻകീഴ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റ ഭീഷണിക്കു പോലും വഴങ്ങാതെ നിയമം നടപ്പിലാക്കാനിറങ്ങിയ മലയാളി ഐ.പി.എസുകാരി വി.എസ്.അഞ്ജനകൃഷ്ണ ഇപ്പോൾ മഹാരാഷ്ട്രയിലെ താരമാണ്. മലയിൻകീഴ് ആൽത്തറ ദേവൂസിൽ വിജുവിന്റെ മകളായ വി.എസ്.അഞ്ജനകൃഷ്ണ നാടിന്റേയും പ്രിയങ്കരിയാണ്.

ഒന്നര ആഴ്ചമുമ്പാണ് രാഷ്ട്രീയ വിവാദമായി മാറിയ സംഭവമുണ്ടാകുന്നത്. സോലാപുരിലെ കർമല ഗ്രാമത്തിലെ റോഡ് നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനാണ് അഞ്ജന കൃഷ്ണ സ്ഥലത്തെത്തിയത്. അവിടെയുണ്ടായിരുന്ന എൻ.സി.പി നേതാവ് ബാബ ജഗ്താപ് ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിളിച്ച് ഫോൺ അഞ്ജനയ്ക്കുകൈമാറി. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും ഖനനം തടയുന്ന നടപടി നിർത്തിവയ്ക്കണമെന്നും അജിത് പവാർ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ നമ്പറിലേക്കുവിളിക്കാൻ അഞ്ജന ആവശ്യപ്പെട്ടു. കുപിതനായ ഉപമുഖ്യമന്ത്രി നിങ്ങൾക്കുനേരേ നടപടി സ്വീകരിക്കുമെന്നുപറഞ്ഞ് അഞ്ജനയുടെ നമ്പർ വാങ്ങി. തുടർന്ന് വിഡിയോ കോളിൽ വിളിച്ച് പൊലീസ് നടപടികൾ നിർത്തിവയ്ക്കാനും തഹസിൽദാരോട് കാര്യങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇത് പ്രതിപക്ഷം ആയുധമാക്കി. അഞ്ജന കൃഷ്ണയ്‌ക്കെതിരെ പ്രസ്താവന നടത്തിയ എൻ.സി.പി എം.എൽ.എ അമോൽ മിത്കരി പിന്നീട് ക്ഷമാപണംനടത്തി. പ്രശ്നങ്ങളെല്ലാം അന്നുതന്നെ പരിഹരിച്ചുവെന്നും നിലവിൽ യാതൊരു വിഷയവുമില്ലെന്നും അഞ്ജയുടെ പിതാവ് വിജുകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. വഞ്ചിയൂർ കോടതി ക്ലാർക്ക് സീനയാണ് അഞ്ജനയുടെ മാതാവ്.