bahavudeen-nadvi

മലപ്പുറം: മന്ത്രിമാർക്കും എംപിമാർക്കുമെതിരായ വൈഫ് ഇൻചാർജ് അധിക്ഷേപ പരാമ‌ർശത്തിൽ വിശദീകരണവുമായി സമസ്‌ത നേതാവ് ഡോക്ടർ ബഹാവുദ്ദീൻ നദ്‌വി. തന്റെ പരാമർശം സമസ്‌ത മുശാവറയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തിൽ സംസാരിച്ചെന്ന് തെളിയിക്കാൻ കഴിയില്ലെന്നും ബഹാവുദ്ദീൻ നദ്‌വി കൂട്ടിച്ചേർത്തു.

'ദുഷ്ടലാക്കോട് കൂടി ചിലര്‍ ഞാൻ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. എന്റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി. മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. മന്ത്രിമാരെ പ്രൊജക്ട് ചെയ്തിട്ടില്ല. എന്നിട്ടും ചിലര്‍ ആ രീതിയിൽ പ്രസ്താവനയെ വളച്ചൊടിച്ചു. പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണ്. ഞാൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അധര്‍മ്മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണ്. അതാണ് ഞാൻ പറഞ്ഞത്'- ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു.

ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമർശത്തിനുപിന്നാലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയും ബഹാവുദ്ദീൻ നദ്‌വി പ്രതികരിച്ചു. ഉമർ ഫൈസി മുക്കം പാർവതിയെ അധിക്ഷേപിച്ചയാളല്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ പ്രസ്താവന നടത്തി അവമതിപ്പ് ഉണ്ടാക്കിയെന്ന് ഉമർ ഫൈസി മുക്കമാണോ പറയുന്നതെന്നും ബഹാവുദ്ദീൻ നദ്‌വി ചോദിച്ചു.

പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കുപുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ബഹാവുദ്ദീൻ നദ്‌വിയുടെ പരിഹാസം. ബഹുഭാര്യാത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ബഹാവുദ്ദീൻ നദ്‌വി പറഞ്ഞിരുന്നു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു അധിക്ഷേപം.