
ചിലരെ മറ്റുള്ളവരേക്കാൾ കൂടുതൽ കൊതുകുകടിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പക്ഷേ അത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില രക്തഗ്രൂപ്പുള്ളവരെ കൊതുക് തേടിപ്പിടിച്ച് കടിക്കുമെന്നൊക്കെ മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൽ കൊതുക് കടി കൂടാനുള്ള മറ്റൊരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ്.
കൊതുകുകടിയും ബിയർ ഉപഭോഗവും തമ്മിൽ ബന്ധമുണ്ടെന്നാണ് നെതർലാൻഡ്സിലെ ഒരു സംഘം ഗവേഷകരുടെ കണ്ടെത്തൽ. നെതർലാൻഡ്സിലെ പ്രധാന സംഗീതോത്സവമായ ലോലാൻഡിൽ വച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഫെസ്റ്റിവൽ സ്ഥലത്ത് ഗവേഷകർ താൽക്കാലിക ലാബ് സ്ഥാപിച്ചു.
അവിടെ വരുന്നവരോട് ഭക്ഷണക്രമം, ശുചിത്വം, പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കൊതുകുകൾ അടങ്ങിയ ഒരു പ്രത്യേക പെട്ടിയിൽ കൈകൾ വയ്ക്കാൻ ആളുകളോട് പറഞ്ഞു. പെട്ടിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടായിരുന്നു, അതിലൂടെ കൊതുകുകൾക്ക് മണം തിരിച്ചറിയാനാകും.
ക്യാമറകൾ ഉപയോഗിച്ച്, ഓരോ കൈയിലും എത്ര കൊതുകുകൾ വന്നിരിക്കുന്നുവെന്നും അവ എത്രനേരം അവിടെ നിൽക്കുന്നുവെന്നും സംഘം രേഖപ്പെടുത്തി. ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. ബിയർ കുടിച്ച ആളുകൾക്ക് മറ്റുള്ളവരേക്കാൾ 1.35 മടങ്ങ് കൂടുതൽ ആകർഷണീയതയുണ്ടെന്ന് കണ്ടെത്തി. പതിവായി കുളിക്കാത്ത ആളുകളിലേക്ക് കൊതുകുകൾ കൂടുതൽ ആകർഷിക്കപ്പെടുന്നതായും പഠനം തെളിയിച്ചു.
ബിയർ - കൊതുക് ബന്ധം
ഗവേഷകരുടെ അഭിപ്രായത്തിൽ, കൊതുകുകൾ നേരിട്ട് മദ്യത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ല. മറിച്ച് ബിയർ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക മാറ്റമാണ് ഇതിനെ ആകർഷിക്കുന്നതത്രേ. ബിയർ കുടിക്കുന്നവർ പലപ്പോഴും വ്യത്യസ്തമായി പെരുമാറുമെന്നും, ചിലർ നൃത്തം ചെയ്യുമെന്നും, ഇതുമൂലം കൂടുതൽ വിയർക്കുമെന്നും ഈ സമയത്തുണ്ടാകുന്ന വിയർപ്പിൽ മാറ്റമുണ്ടാകുമെന്നും ഈ മണമാണ് കൊതുകുകളെ ആകർഷിക്കുന്നെതെന്നുമാണ് കണ്ടെത്തൽ.
അതിലും ശ്രദ്ധേയമായ കാര്യം, കൊതുകുകൾക്ക് 350 അടി (100 മീറ്ററിൽ കൂടുതൽ) അകലെ നിന്ന് പോലും മനുഷ്യന്റെ ഗന്ധം തിരിച്ചറിയാൻ കഴിയുമെന്ന് പഠനം കണ്ടെത്തി. അതിനാൽ ആരെങ്കിലും മദ്യപിക്കുകയും അവരുടെ ശരീര ഗന്ധം മാറുകയും ചെയ്താൽ, കൊതുകിന് അറിയാൻ സാധിക്കുമത്രേ.
പരിമിതികളും കൂടുതൽ ഗവേഷണങ്ങളും
ശാസ്ത്രജ്ഞർ അവരുടെ കണ്ടെത്തലുകളിൽ ചില പരിമിതികളുണ്ടെന്ന് സമ്മതിക്കുന്നു. ഇത്തരം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നവർ സാധാരണയായി ചെറുപ്പക്കാരും നല്ല ആരോഗ്യമുള്ളവരുമാണ്. അതിനാൽത്തന്നെ ഈ ഫലങ്ങൾ എത്രത്തോളം ശരിയാണെന്ന് പറയാനാകില്ല. വ്യത്യസ്ത പ്രായത്തിലുള്ളവരെയും ആരോഗ്യ പശ്ചാത്തലത്തിലുള്ളവരെക്കൂടി ഉൾപ്പെടുത്തി പഠനങ്ങൾ നടത്തേണ്ടി വന്നേക്കാം.