rahul-mamkootathil

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര വിവാദത്തിൽ അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തലുകൾ പുറത്ത്. ഇരയായ യുവതികളിൽ ഒരാൾ നടത്തിയത് അശാസ്ത്രീയമായ ഗർഭം അലസിപ്പിക്കലാണെന്നും ഗുളിക കഴിച്ചതോടെ രക്തസ്രാവം അനിയന്ത്രിതമായതിനെത്തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട വിവരം.

ഇരയായ തിരുവനന്തപുരം സ്വദേശിനിയായ 26കാരി ഗ‌ർഭിണിയാണെന്ന വിവരം പലതവണ രാഹുലിനെ അറിയിച്ചിട്ടും വിശ്വാസത്തിലെടുത്തില്ല. ഒടുവിൽ ഗ‌ർഭസ്ഥശിശുവിന്റെ വളർച്ച 16 ആഴ്‌ച പിന്നിട്ടപ്പോഴാണ് ഗൗരവം തിരിച്ചറിഞ്ഞത്. തുടർന്ന് പത്തനംതിട്ട സ്വദേശിയായ സുഹൃത്ത് മുഖേനെ ഗർഭഛിദ്രത്തിനുള്ള ഗുളികകൾ രാഹുൽ യുവതിക്ക് കൈമാറി. ഇതുകഴിച്ചതിന് പിന്നാലെ രക്തസ്രാവമുണ്ടായി. ഇത് അനിയന്ത്രിതമായതോടെയാണ് ആശുപത്രിയിൽ യുവതി ചികിത്സ തേടിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

യുവതിയെ പരിശോധിച്ച ഡോക്‌ടറുടെ മൊഴി അന്വേഷണ സംഘം ശേഖരിച്ചേക്കും. ഫാർമസി രംഗത്ത് ബിസിനസ് നടത്തുന്ന രാഹുലിന്റെ മറ്റൊരു സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി സൂചനയുണ്ട്. ഗർഭഛിദ്രത്തിനുള്ള ഗുളികൾ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ എങ്ങനെ വാങ്ങാൻ സാധിച്ചു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നതായി വിവരമുണ്ട്.

ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എന്നാൽ അവർ നിയമനടപടിക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഗർഭഛിദ്രത്തിന് രാഹുൽ യുവതിയെ നിർബന്ധിക്കുന്നതായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. ആരോപണമുന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതിയും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല.