തിരുവനന്തപുരം: ഹൃദയ വാൽവുകൾ തകരാറിലാവുന്ന അയോട്ടിക് വാൽവ് സ്റ്റെനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച മാലദ്വീപ് സ്വദേശിയായ 75 കാരന് പുതുജീവൻനൽകി തിരുവനന്തപുരം കിംസ്‌ ഹെൽത്ത്. ഹൃദയ വാൽവ് ചുരുങ്ങുന്നതുമൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ അറയിൽ അമിത മർദ്ദമുണ്ടാകുന്ന അവസ്ഥയാണ് അയോട്ടിക് വാൽവ് സ്റ്റെനോസിസ്. ആധുനിക ത്രീഡി സിടി സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ട്രാൻസ്‌ കത്തീറ്റർ അയോട്ടിക് വാൽവ് ഇംപ്ളാന്റേഷൻ (ടാവി) ചികിത്സയിലൂടെയാണ് ഇത് ഭേദമാക്കിയത്.

രോഗിയുടെ പ്രായാധിക്യം, അവശത തുടങ്ങിയവ പരിഗണിച്ച്, കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ശ്യാം ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽക്കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയവാൽവ് മാറ്റിവയ്ക്കുന്ന ചികിത്സാരീതിയാണ് ടാവി. ത്രീഡി സിടി സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗിയുടെ ഹൃദയഘടന മനസ്സിലാക്കി വാൽവ് കൃത്യമായി മാറ്റിവച്ച് ചികിത്സ പൂർത്തിയാക്കാൻ സാധിച്ചെന്ന് ഡോ. ശ്യാം ശശിധരൻ പറഞ്ഞു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജൻ,കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ,കാർഡിയക് അനസ്‌തേഷ്യോളജി കൺസൾട്ടന്റ് ഡോ. എസ്. സുഭാഷ്,അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ.ജെ എന്നിവരും ചികിത്സയുടെ ഭാഗമായി.