climate-chabege-

ലണ്ടൻ: സാധാരണയായി എല്ലാപേരും കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏറ്റവും കൂടുതൽ സ്ഥിതിചെയ്യുന്നത് യൂറോപ്പ്യൻ ഭൂഖണ്ഡത്തിലാണ്. ഉന്നതപഠനങ്ങൾക്ക് മാത്രമായാണ് യൂറോപ്പിൽ ആദ്യ കാലഘട്ടങ്ങളിൽ പോയിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിര താമസത്തിനു വേണ്ടിയാണ് ഇന്ത്യാക്കാർ ഉൾപ്പെടെ കൂടുതൽ പേരും യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്നത്. എന്നാൽ ആശങ്കപ്പെടുത്തുന്ന ചില പഠന റിപ്പോർട്ടുകളാണ് ഇംഗ്ളണ്ട് ആസ്ഥാനമായ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെ‌ഡിസിൻ പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്പിൽ മാത്രം ഏകദേശം 23 ലക്ഷത്തോളം പേർ 2099 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മരിക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ 30 രാജ്യങ്ങളിലെ 854 നഗരപ്രദേശങ്ങളിൽ നടത്തിയ സമഗ്ര പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ.

അതി ശൈത്യ ഭൂഖണ്ഡമായ യൂറോപ്പിൽ സാധാരണ ജനങ്ങളെ കാലാവസ്ഥാവ്യതിയാനം രൂക്ഷമായി ബാധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.മെഡിറ്ററേനിയൻ മേഖലയായ ബാഴ്സിലോണ,​ റോം, നേപ്പിൾസ്, ഏതൻസ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്ന തെക്കൻ മദ്ധ്യ യൂറോപ്പ്യൻ പ്രദേശത്തായിരിക്കും ഇത് രൂക്ഷമായി ബാധിക്കുക എന്നാണ് ഗവേഷകരുടെ അനുമാനം. ബാഴ്സിലോണയിൽ മാത്രം 2.4 ലക്ഷം പേരുടെ ജീവനുകൾ കാലാവസ്ഥവ്യതിയാനം കാരണം നഷ്ടപ്പെട്ടേക്കാം. സമുദ്രത്തിലെ മത്സ്യ സമ്പത്തിനേയും പരോക്ഷമായി ബാധിക്കാമെന്നും കാട്ടുതീ ഉൾപ്പടെയുളള പ്രകൃതി ദുരിതങ്ങൾ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷകർ പറയുന്നു. അല്ലാത്ത പക്ഷം പകർച്ചവ്യാധി, കാട്ടുതീ എന്നിവയിലുടെ ജനജീവിതം താറുമാറാകുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

യൂറോപ്പിൽ 2099 ആകുമ്പോഴേക്കും വ്യദ്ധരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നും കൂടുന്ന ജനസാന്ദ്രതയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ വർദ്ധിക്കുന്ന ചെലവും കാരണം യൂറോപ്പ്യൻ ജനതയുടെ കൂട്ടപലായനവും പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നഗരങ്ങളെ ഹരിതവത്കരിച്ച് കാർബൺ പുറംതളളൽ ഗണ്യമായി കുറച്ച് കാലാവസ്ഥാവ്യതിയാനം ചെറുക്കുവാനുളള അടിയന്തരനടപടികൾ ഊർജ്ജിതമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.