oju-restaurant

രാജ്യ തലസ്ഥാനത്തിന്റെ ഭക്ഷണ സംസ്കാരത്തിലേക്ക് പുതിയൊരു റെസ്റ്റാേറന്റ് കൂടി. ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ പുതിയ റെസ്റ്റോറന്റ് ഓജു ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ പ്രവർത്തനം ആരംഭിച്ചു. ജാപ്പനീസ്, പെറൂവിയൻ ഭക്ഷണങ്ങളുടെ വിവിധ തരം വെറൈറ്റികളാണ് റെസ്റ്റാേറന്റിലെ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാചകത്തിൽ അന്താരാഷ്ട്ര അനുഭവ സമ്പത്തുഉള്ള ഷെഫുമാരായ മഹ്മൂദ് മുഹമ്മദ് അവദല്ല ഗാബർ (മോഹ്), നിതിൻ ഭരദ്വാജ് എന്നിവരാണ് വിഭവങ്ങൾക്ക് രുചിക്കൂട്ട് നൽകുന്നത്. ആയുഷി മാലിക്കാണ് റെസ്റ്റാേറന്റിന്റെ ഇന്റീരിയറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.ഇൻഡോർ ഡൈനിംഗ് ഏരിയ ഒരു ആധുനിക സെൻ ഗാർഡനായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ജാപ്പനീസ് ഭക്ഷണ വിഭവങ്ങളായ സുഷി,സാഷ്മി,ഗ്യോസാ,മക്കി റോളുകൾ,ക്രിസ്പി പ്രോൺ ടെമ്പുര,ഗ്രിൽഡ് ഒക്ടോപസ്, ഗ്രിൽഡ് സാൽമൺ റോബട്ടയാക്കി എന്നിവയാണ് മെനുവിലെ താരങ്ങൾ.ഭക്ഷണത്തോടൊപ്പം വിവിധ തരത്തിലുള്ള കോക്ടെയിലുകളാണ് മറ്റൊരു ആകർഷണം.ജപ്പാൻ-പെറു സംസ്കാരത്തെ ഉൾകൊണ്ടുകൊണ്ടാണ് നെഗി കോക്ടെയിലുകൾ നിർമ്മിക്കുന്നത്.ബാറിന്റെ മെനു രൂപകൽപന ചെയ്തിരിക്കുന്നത് പങ്കജ് ബാലചന്ദ്രനും ഹെഡ് മിക്സോളജിസ്റ്റ് സിയാ നേഗിയും ചേർന്നാണ്.