crime

അവിഹിതബന്ധം ആരോപിച്ച് അദ്ധ്യാപികയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച് ഭര്‍ത്താവും കൂട്ടാളികളും. അദ്ധ്യാപികയായ ഭാര്യക്ക് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിനെ വീട്ടില്‍ നിന്ന് പിടികൂടിയെന്ന് ആരോപിച്ചാണ് കോളേജ് പ്രൊഫസറായ ഭര്‍ത്താവ് മര്‍ദ്ദനവും അധിക്ഷേപവും നടത്തിയത്. ഭാര്യയെ മാലയണിയിച്ചും അവരുടെ സഹപ്രവര്‍ത്തകനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചും റോഡിലൂടെ നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. അദ്ധ്യാപികയും ഭര്‍ത്താവും തമ്മില്‍ പിണക്കത്തിലായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ഭാര്യ മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ചൊവ്വാഴ്ച ഭര്‍ത്താവും കൂട്ടാളികളും വാടകവീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ ഈ സമയം സഹപ്രവര്‍ത്തകനായ സുഹൃത്ത് അദ്ധ്യാപികയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഉടനെ തന്നെ സംഘം ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.

സമീപവാസികള്‍ നോക്കിനില്‍ക്കെ, ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും മാല അണിയിക്കുകയും യുവാവിനെ വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്ന് ആള്‍ക്കൂട്ടം വളഞ്ഞ ഇരുവരെയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടക്കാന്‍ നിര്‍ബന്ധിച്ചു. ഈ സമയം കാഴ്ചക്കാര്‍ സംഭവം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും നിയമവിരുദ്ധമായി കയ്യേറ്റം ചെയ്തതിനും ഭര്‍ത്താവിനെയും ഇയാളുടെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.