ration-shop

ആലപ്പുഴ: റേഷന്‍ വാങ്ങാതെ രണ്ടുമാസത്തിനുള്ളില്‍ 250ല്‍ അധികം കാര്‍ഡുടമകള്‍ മുന്‍ഗണന ലിസ്റ്റില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ജൂലായ് പകുതി വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 7511 പേരാണ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്തായിരുന്നത്. എന്നാല്‍ ഇന്നലെ വരെ ഇത് 7776 ആയി.

1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജോലിയുള്ളവര്‍, പെന്‍ഷന്‍കാര്‍, 25,000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവര്‍, വിദേശത്ത് ജോലിയുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവരൊന്നും മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടില്ല. ഇത് മറച്ചുവച്ച് മുന്‍ഗണനാകാര്‍ഡുകള്‍ കൈവശം വച്ചവരാണ് കുടുങ്ങുക.

പുറത്താക്കപ്പെടുന്നവര്‍ക്ക് പകരം അര്‍ഹരായവരെ ലിസ്റ്റിലേക്ക് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. മൂന്നുമാസമായി റേഷന്‍ വാങ്ങാതെ ലിസ്റ്റില്‍ നിന്ന് പുറത്തായവര്‍, എന്തുകൊണ്ട് റേഷന്‍ വാങ്ങിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന യ രേഖകള്‍ ഹാജരാക്കിയാല്‍ മുന്‍ഗണന വിഭാഗത്തില്‍ തുടരാന്‍ സാധിക്കും. അനര്‍ഹമായി മുന്‍ഗണന കാര്‍ഡ് കൈവശം വച്ച് റേഷന്‍ വാങ്ങുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ശക്തമാക്കിയിട്ടുണ്ട്. നാലുവര്‍ഷമം മുമ്പാണ് സര്‍ക്കാര്‍ അനര്‍ഹമായി മുന്‍ഗണന കാര്‍ഡ് കൈവശം വച്ചവര്‍ക്കെതിരെ നടപടി ആരംഭിച്ചത്.

2021 മേയ് മുതലാണ് അനര്‍ഹരെ മുന്‍ഗണന ലിസ്റ്റില്‍ നിന്ന് പുറത്താക്കല്‍ നടപടി സംസ്ഥാനത്ത് ആരംഭിച്ചത്

സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പുറത്താക്കല്‍

എ.എ.വൈ, പി.എച്ച്.എച്ച്, എന്‍.പി.എസ് എന്നീ വിഭാഗം കാര്‍ഡുടമകളെയാണ് പുറത്താക്കിയത്

സംസ്ഥാനത്താകെ 79013 കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്ന് പുറത്തായി

ജില്ലയില്‍ ഒഴിവാക്കപ്പെട്ടവര്‍

പി.എച്ച്.എച്ച് : 5961

എ.എ.വൈ : 850

എന്‍.പി.എസ് : 965

ആകെ: 7776


മുമ്പത്തെക്കാള്‍ പരിശോധന ഇപ്പോള്‍ കുറവാണ്. പരിശോധന ശക്തമാക്കിയാല്‍ ഇരട്ടി ആളുകളെ കണ്ടെത്താന്‍ സാധിക്കും. -റേഷന്‍ വ്യാപാരി