
മാഞ്ചസ്റ്റർ: ഓപ്പറേഷൻ തീയേറ്ററിൽ ശസ്ത്രക്രിയയ്ക്കായി എത്തിച്ച രോഗിയെ മയക്കിക്കിടത്തി നഴ്സുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് ഡോക്ടർ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റ് ഡോ. സുഹൈൽ അൻജുമാണ് (44) നഴ്സുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. അതേ മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു നഴ്സ് ഇത് നേരിൽ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 2013 സെപ്റ്റംബർ 16ന് നടന്ന സംഭവത്തിൽ ഡോക്ടർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
സംഭവം നടക്കുന്ന ദിവസം സുഹൈലിന് അഞ്ച് ശസ്ത്രക്രിയകൾക്ക് അനസ്‌തേഷ്യ നൽകുന്നതിന്റെ ചുമതലയുണ്ടായിരുന്നു. മൂന്നാമത്തെ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ നഴ്സുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഡോക്ടർ മറ്റൊരു തീയേറ്ററിലേക്ക് പോയി. അവിടെ വച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നത് മറ്റൊരു നഴ്സ് കാണുകയായിരുന്നു. രോഗിക്ക് പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡോക്ടർ മാതൃരാജ്യമായ പാകിസ്ഥാനിലേക്ക് കടന്നിരുന്നു. തനിക്ക് തിരിച്ച് യുകെയിലേക്ക് വരാനും ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും താൽപര്യമുണ്ടെന്നും സുഹൈൽ മെഡിക്കൽ ട്രൈബ്യൂണലിനോട് പറഞ്ഞു. ഇങ്ങനെയൊരു വീഴ്ച ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.