
90കളിൽ രാം ഗോപാൽ വർമ്മയുടെ ഹിറ്റ് സിനിമകളിൽ ഒന്നായ രംഗീല ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ചിത്രത്തിന്റെ 30ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 4kയിൽ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടാണ് ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നത്. 1995 സെപ്തംബർ 8ന് പുറത്തിറങ്ങിയ ചിത്രം തീയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. എആർ റഹ്മാൻ ആദ്യമായി സംഗീതം നിർവഹിച്ച ഹിന്ദി ചിത്രമായിരുന്നു രംഗീല. ചിത്രത്തിലെ പാട്ടുകളും വമ്പൻ ഹിറ്റായിരുന്നു. ആമിർ ഖാൻ, ഊർമ്മിള മധോൺകർ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തിയത്.
എപ്പോഴാണ് ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുകയെന്ന് വ്യക്തമല്ല. പല താരങ്ങളുടെയും കരിയർ മാറ്റിമറിച്ച സിനിമ കൂടിയാണ് 'രംഗീല'. എ.ആർ.റഹ്മാന്റെ രംഗീല രേ, പ്യാർ യേ ജാനേ കൈസെ, തന്ഹാ തന്ഹാ, യാരോ സുൻ ലോ സറാ, ഹായ് റാമാ ഇങ്ങനെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി. 32 ലക്ഷം ഓഡിയോ കാസറ്റുകളാണ് അന്ന് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിലൊന്നായി അത് മാറി.
ഊർമിള മധോൺകറിന്റെ കരിയറിൽ മാറ്റമുണ്ടായതും ഈ ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ്. ഒറ്റരാത്രി കൊണ്ട് താരമായി ഊർമിള. അതുവരെ ചെയ്ത സിനിമകളൊന്നും നൽകാത്ത താരപദവിയാണ് 'രംഗീല' അവർക്ക് നൽകിയത്.