delhi-highcourt

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം വന്നതായി റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.

സന്ദേശം വന്നതോടെ ബോംബ് നിർവീര്യമാക്കുന്ന സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ജ‌ഡ്‌ജിമാരും അഭിഭാഷകരും മറ്റ് ജീവനക്കാരും ഹൈക്കോടതി കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഓഫീസിലും രണ്ട് മെഡിക്കൽ കോളേജുകൾക്കും വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. മൗലാന ആസാദ് മെഡിക്കൽ കോളേജിനും യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസിനുമാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ച ശേഷം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ടായിരുന്നു. ഭീഷണിയെത്തുടർന്ന് മെഡിക്കൽ കോളേജുകളിൽ ക്ലാസും റദ്ദാക്കി. രാജ്യത്തെ പല പ്രധാന കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിന് മുമ്പും വ്യാജ ബോംബ് ഭീഷണികൾ വന്നിട്ടുണ്ട്.