helmet

ലക്നൗ: ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമൊക്കെ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കാറുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ ഗാസിയാബാദിൽ വിചിത്രമായൊരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തതാണ് വിഷയം. അതിലെന്താണ് ഇത്ര വിചിത്രമായ കാര്യം എന്നല്ലേ ചിന്തിക്കുന്നത്?

പിഴ കിട്ടിയ ആൾ ഓടിച്ചത് ബൈക്കോ സ്‌കൂട്ടറോ ഒന്നുമായിരുന്നില്ല, കാറിലായിരുന്നു അദ്ദേഹം യാത്ര ചെയ്തത്. ഈ മാസം എട്ടിന് രാജ് നഗർ എക്സ്റ്റൻഷനിലെ അജ്നാര സൊസൈറ്റി ക്രോസിംഗിന് സമീപമാണ് സംഭവമുണ്ടായത്. ട്രാഫിക് പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തു. ഒടുവിൽ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായതോടെ പിഴവ് സംഭവിച്ചതാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

'ഇത് ഒരു പിഴവാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ ഞങ്ങൾ അന്വേഷണം നടത്തുകയാണ്' അഡീഷണൽ ഡി സി പി (ട്രാഫിക്) സച്ചിദാനന്ദ് പറഞ്ഞു. അതേസമയം, ഒരു ട്രാഫിക് സബ് ഇൻസ്‌പെക്ടർ പാർക്കിംഗ് നിരോധിത മേഖലയിൽ പാർക്ക് ചെയ്തിരുന്ന ഈ കാറിന്റെ ഫോട്ടോ എടുത്തിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്ക് പിഴ ചുമത്താൻ ഉള്ള ചലാനിൽ അബദ്ധത്തിൽ ഈ ഫോട്ടോ പെട്ടതാകാമെന്നാണ് ഡിസിപി പറയുന്നത്.


സോഷ്യൽ മീഡിയയിൽ യുവാവ് തനിക്ക് കിട്ടിയ ചലാന്റെ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. പലരും സമാനമായ അനുഭവങ്ങൾ പോസ്റ്റിനുതാഴെ പങ്കുവച്ചു. ഉത്തർപ്രദേശിൽ ഇതാദ്യമല്ല ഇത്തരമൊരു പിഴവ് സംഭവിക്കുന്നത്. 2024 ഓഗസ്റ്റിൽ, തുഷാർ സക്‌സേന എന്ന പത്രപ്രവർത്തകനും സമാനമായ പശ്നം നേരിട്ടു. ഗൗതംബുദ്ധ നഗർ ജില്ലയിൽ കാർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന് 1,000 രൂപ പിഴ ചുമത്തിയിരുന്നു.