waterfall

പ്രകൃതി ഭംഗിയാൽ സമ്പന്നമാണ് നമ്മുടെ കേരളം. പശ്ചിമഘട്ട മലനിരകളും, അറബിക്കടലും, വ്യത്യസ്‌തമായ കായലുകളും കുന്നുകളും എല്ലാം കേരളത്തിന് നൽകുന്നത് വലിയ പ്രശസ്‌തിയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം അന്വർത്ഥമാക്കുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. ലോക ട്രാവൽ പ്ളാറ്റ്‌ഫോമായ 'അഗോഡ' പുറത്തുവിടുന്ന വിവരമനുസരിച്ച് ഏഷ്യയിലെ മികച്ച എട്ട് ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തിലെ ഒരു സ്ഥലം തിരഞ്ഞെടുത്തിരിക്കുകയാണ്. ഇടുക്കിയിലെ മൂന്നാർ ആണ് മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.എട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഏഴാമതാണ് മൂന്നാർ.

മലേഷ്യയിലെ കാമറോൺ ഹൈലാൻഡ്‌സ്, തായ്‌ലൻഡിലെ ഖാവോ ലായ്, ഇന്തോനേഷ്യയിലെ പൻ‌കാക്ക്, ജപ്പാനിലെ ഫുജിക്കാവാഗുച്ചിക്കോ, തായ്‌വാനിലെ കെൻതിംഗ്, വിയറ്റ്‌നാമിലെ സപ, മൂന്നാർ, ദക്ഷിണ കൊറിയയിലെ പ്യോംഗ്‌ചാംഗ് എന്നിവയാണ് ലിസ്റ്റിലുള്ള സ്ഥലങ്ങൾ. തേയിലതോട്ടങ്ങൾ കൊണ്ടും വെള്ളച്ചാട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് മൂന്നാർ. സുഖകരമായ അന്തരീക്ഷവും വരയാടുകളുടെ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം മൂന്നാറിന് വളരെ അടുത്താണ്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുവശത്താണ്.

മൂന്നാറിനും പള്ളിവാസലിനുമിടയിലെ ആറ്റുകാട് എന്ന വെള്ളച്ചാട്ടം വളരെ ശ്രദ്ധിക്കപ്പെടുന്നതാണ്. തേയിലത്തോട്ടങ്ങൾക്കിടയിൽ നിന്നും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം ഭംഗിയേറിയതാണ്. ഈ വെള്ളച്ചാട്ടം കാണാൻ മികച്ച സമയം മഴക്കാലം തന്നെയാണ്. തേയില തോട്ടങ്ങളും ടാറ്റയുടെ തേയില മ്യൂസിയവും മൂന്നാറിൽ കാണേണ്ട കാഴ്‌ചയാണ്. സെപ്‌തംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് സന്ദർശനത്തിന് പറ്റിയത്.