
ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റ് ജയിർ ബോൾസനാരോയ്ക്ക് 27 വർഷവും മൂന്ന് മാസവും തടവ് വിധിച്ച് ബ്രസീലിയൻ സുപ്രീം കോടതി. 2022ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ അട്ടിമറി ആരോപണം തെളിഞ്ഞതിനാലാണ് കടുത്ത ശിക്ഷ വിധിച്ചത്. അഞ്ച് ജഡ്ജിമാർ അടങ്ങുന്ന കോടതിയിൽ നാലുപേരും ജയിർ ബോൾസനാരോ കുറ്റകാരനെന്ന് വിധിക്കുകയായിരുന്നു.
നിയമ വ്യവസ്ഥയെ ഇല്ലാതാക്കാൻ ശ്രമിക്കുക, സായുധമായ കലാപത്തിന് നേതൃത്വം നൽക്കുക, ക്രിമിനൽ സംഘടനകളുമായി ചേർന്ന് അക്രമം അഴിച്ചു വിടുക തുടങ്ങിയ അഞ്ച് ആരോപണങ്ങളും തെളിവു സഹിതം കോടതിയിൽ എതിർ കക്ഷികൾക്ക് സമർത്ഥിക്കാനായി. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ബോൾസനാരോയ്ക്ക് കോടതിയിൽ അപ്പീൽ നൽകുവാൻ സാധിക്കും. വിധി വന്ന് അറുപത് ദിവസത്തിനകം മാത്രമേ കോടതിക്ക് വിധി നടപ്പിലാക്കാൻ സാധിക്കുകയുളളൂ. തുടർന്ന് അഞ്ച് ദിവസത്തിനകം വിധിയുടെ വ്യക്തതയ്ക്ക് വേണ്ടി കോടതിയെ സമീപിക്കാം. എന്നാൽ, ഈ വിധി മറികടക്കുന്നത് അസാദ്ധ്യമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയും ഈ വിധിയെ വിമർശിച്ച് രംഗത്തെത്തി. ബ്രസീലിയൻ കോടതിയുടെ ഇത്തരം തിടുക്കപ്പെട്ട വിധിയിൽ അപലപിക്കുന്നുവെന്നും ബ്രസീലിയൻ ജനതയുടെ അസംതൃപ്തി താൻ മനസിലാക്കുന്നുവെന്നും ട്രംപ് എക്സിൽ കുറിച്ചു.
38-ാം പ്രസിഡന്റായ ജയിർ ബോൽസനാരോ 2019 മുതൽ 2022 വരെ നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടപ്പോൾ ആഗോള തലത്തിൽ അദ്ദേഹത്തിനെയിരെ കനത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.