
ലണ്ടൻ: പൈലറ്റുമാർ, ഫ്ലൈറ്റ് അറ്റൻഡർമാർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പുതിയ നിയമങ്ങൾ നിർദ്ദേശിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്. പൊതുസ്ഥലങ്ങളിൽ ജീവനക്കാർക്ക് യൂണിഫോം ധരിച്ചുകൊണ്ട് കാപ്പി, ചായ, കോള, മറ്റ് പാനീയങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ക്രൂ റൂമുകൾ, കഫറ്റീരിയകൾ പോലുള്ള സ്റ്റാഫ് ഏരിയകളിൽ മാത്രമേ ഇത് അനുവദിക്കുകയുള്ളു.
ലേ ഓവര്‍ സമയത്ത് താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ വഴി വ്യക്തിഗത അക്കൗണ്ടുകളിൽ പങ്കിടുന്നതിൽ നിന്നും ജീവനക്കാരെ വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി മുമ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് പറയുന്നു.
അത്യാധുനിക എഐ സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങളുടെ ചുറ്റുപാടുകൾ മനസിലാക്കി ഹോട്ടലിനെ തിരിച്ചറിയുന്നതിനും ജീവനക്കാരെ അപായപ്പെടുത്താനുള്ള സാധ്യതകൾ തീരെ കുറയുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ വിമാനങ്ങളിൽ യാത്രയിലല്ലാതെ പുറത്ത് യാത്ര ചെയ്യുമ്പോൾ ജീവനക്കാർക്ക് യൂണിഫോം ധരിക്കാൻ അനുവാദമില്ല. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എയർലൈൻ കമ്പനി അറിയിച്ചു. അതേസമയം കമ്പനിയുടെ പുതിയ നയങ്ങളെക്കുറിച്ച് ചിലർ വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.