rss

നാഗ്‌പൂർ:ഇന്ത്യയുടെ വളർച്ചയെ ഭയക്കുന്ന ചിലർ രാജ്യത്തിനുമേൽ അധിക തീരുവ ഏർപെടുത്തുവെന്ന് വിമർശിച്ച്‌ ആർ‌എസ്എ‌സ് മേധാവി മോഹൻ ഭഗവത്. നാഗ്‌പൂരിലെ യോഗ, ആത്മീയ പരിശീലന കേന്ദ്രമായ ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം വാർഷിക ദിനത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കൂടുതൽ ശക്തമായാൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്നും സ്വന്തം സ്ഥാനം എന്തായിരിക്കുമെന്നും ലോകത്തിലെ ചില ആളുകൾ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്നത്. ഇന്ത്യയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ വ്യാപാര തീരുവകളോട്‌ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ലോകത്തിൽ ഇന്ത്യ വളർന്നാൽ അവരുടെ സ്ഥാനം താഴ്‌ന്നുപോകുമെന്ന് അവർക്ക് ന‌ന്നായറിയാം. നമ്മൾ ഏഴ് കടലുകൾ അകലെയാണ്. നേരിട്ടുള്ള ബന്ധമില്ല. എന്നിട്ടും അവർ ഇന്ത്യയെ ഭയപ്പെടുന്നു. ഈ ചിന്തകളെല്ലാം ഉണ്ടാകുന്നത് സ്വാർത്ഥത മൂലമാണ് എന്നിരുന്നാലും നിങ്ങൾ അത് ആഴത്തിൽ മനസ്സിലാക്കുമ്പോൾ, അത് നമ്മളെക്കുറിച്ചാണെന്ന് വ്യക്തമാകും. കൂട്ടായി ചിന്തിക്കുമ്പോൾ, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഇന്നത്തെ ലോകത്തിന് പരിഹാരങ്ങൾ ആവശ്യമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യ മഹത്തായ ഒരു രാജ്യമാണ് ഇന്ത്യക്കാരും മഹത്തരമാകാൻ ശ്രമിക്കണം.' അദ്ദേഹം പറഞ്ഞു. ഞാൻ എന്ന ചിന്തയിൽ നിന്നും നമ്മൾ എന്ന ആശയത്തിലേക്ക് മനുഷ്യന്റെ മനോഭാവം മാറ്റിയാൽ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നമ്മുടെ ഉള്ളിൽ ശത്രുത ഇല്ലെങ്കിൽ നമുക്ക് ആരെയും ശത്രുവായി കാണാൻ കഴിയില്ല. മുൻപ് നമുക്ക് പാമ്പുകളെ ഭയമായിരുന്നു എന്നാൽ എല്ലാ പാമ്പുകൾക്കും വിഷം ഇല്ലെന്ന് പിന്നീട് നമ്മൾ മനസിലാക്കിയത് അറിവിലൂടെയാണ്. അറിവ് ഭയത്തെ ഇല്ലാതാക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.