തിരുവനന്തപുരം: 'സംഗീതമേ അമര സല്ലാപമേ...' ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ സർ‌ഗം എന്ന ചിത്രത്തിലെ അനശ്വരഗാനം ആലപിക്കുകയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മന്ത്രിയിൽ നിന്ന് പ്രസംഗം പ്രതീക്ഷിച്ചെത്തിയ സദസ് ഒരുനിമിഷം നിശബ്ദമായി. പിന്നീടതൊരു നീണ്ട കൈയടിയായി. ഗുരുവായൂർ ദേവസ്വം ചെമ്പൈ,സംഗീതോത്സവം സുവർണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേത് സംഗീതത്തിന്റെ ചൈതന്യധന്യമായ ജീവിതമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു ഗാനം.

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായ ചടങ്ങിൽ ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയായി. കവി പ്രൊഫ.വി.മധുസൂദനൻ നായർ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന സംഗീതജ്ഞരായ പ്രൊഫ.രുഗ്മിണി ഗോപാലകൃഷ്‌ണൻ,ലളിതാ ഗോപാലൻ നായർ,ചേർത്തല എ.കെ.രാമചന്ദ്രൻ എന്നിവരെ ആദരിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ,മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,മനോജ്.ബി.നായർ എന്നിവർ പങ്കെടുത്തു. തുടർന്ന് സംഗീതജ്ഞൻ വിഘ്‌നേഷ് ശ്രീധറിന്റെ കച്ചേരി നടന്നു.