
കൊച്ചി: ഹൃദയം നിലച്ചുപോകുന്ന സാഹചര്യത്തിൽ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി 13കാരിയുമായി വന്ദേഭാരത് കൊച്ചിയിലേക്ക്. തിരുവനന്തപുരത്ത് ശ്രീചിത്രയിൽ ചികിത്സയിലായിരുന്ന അഞ്ചൽ ഏരൂർ സ്വദേശിയായ പെൺകുട്ടിയെയാണ് എറണാകുളത്തെത്തിക്കുന്നത്. എയർ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് ട്രെയിനിൽ എത്തിക്കുന്നത്. അടിയന്തര ഹൃദയമാറ്റ ശസ്‌ത്രക്രിയ കൊച്ചിയിലാകും നടക്കാൻ സാദ്ധ്യത എന്നതിനാൽ ലിസി ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇന്ന് രാവിലെയാണ് ഹൃദയം ലഭിച്ചുവെന്ന വിവരം കുട്ടിയുടെ മാതാപിതാക്കൾക്ക് അറിയുന്നത്. വേഗം ആശുപത്രിയിലെത്താനും വിവരം വന്നു. ഇതോടെ എയർ ആംബുലൻസിന് ശ്രമം ആരംഭിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വന്ദേഭാരതിൽ എത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ എത്തിയാലുടൻ പരിശോധനകൾ നടത്തുകയും ശേഷം അടിയന്തരശസ്‌ത്രക്രിയ നടത്തുകയും ചെയ്യുമെന്നാണ് വിവരം.