നേമം: ഡെറാഡൂണിലെ നീന്തൽ കുളത്തിൽ മരിച്ച സൈനികൻ ബാലുവിന്റെ വലിയ സ്വപ്നമായിരുന്നു,
സ്വന്തമായി ഒരു വീട്.ഇതിനായി കരുമം അരകത്തു മങ്കാരത്ത് ഗാർഡൻ റഡിഡന്റ്‌സ് അസോസിയേഷൻ നഗറിൽ പുതിയ വീട് പണിയുന്നതിനിടയിലായിരുന്നു ബാലുവിനെ മരണം കൂട്ടിക്കൊണ്ട് പോയത്.
ഭാര്യയെയും മക്കളെയും അമ്മയെയും കൂട്ടി സ്വന്തം വീട്ടിൽ താമസിക്കാൻ വേണ്ടി കെട്ടിടത്തിന്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം.
വെള്ളായണി സ്റ്റുഡിയോ റോഡിലുള്ള കുടുംബ വീട് സഹോദരങ്ങൾക്ക് നൽകിയശേഷം, പാപ്പനംകോട് വിശ്വംഭരൻ റോഡിലെ വാടക വീട്ടിലാണ് ബാലുവിന്റെ കുടുംബം കഴിഞ്ഞിരുന്നത്.ഏപ്രിലിലായിരുന്നു ബാലു അവസാനമായി നാട്ടിൽ വന്നുമടങ്ങിയത്.കഴിഞ്ഞ 13 വർഷമായി സൈനിക സർവീസിൽ ഹവീൽദാറായി ജോലി ചെയ്യുകയായിരുന്നു.കുറച്ച് കൂടി ഉന്നത തസ്തികയിൽ ജോലി ചെയ്യാനാണ് ലെഫ്ടനന്റ് തസ്തികയിലേക്ക് ഡിപ്പാർട്ട്മെന്റ് ടെസ്റ്റെഴുതിയത്.പരീക്ഷയിൽ വിജയിച്ച് പരീശീലനം നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്.ബാലുവിന്റെ മരണം കുടുംബത്തിന് താങ്ങാനായിട്ടില്ല.