
ന്യൂഡല്‍ഹി: എന്തിനും ഏതിനും ഇഎംഐ സൗകര്യം ലഭിക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട സാധനം എത്ര വില കൂടിയതാണെങ്കിലും വാങ്ങാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ ഇഎംഐ സംവിധാനം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയ ശേഷം ലോണ്‍ തിരിച്ചടവ് കൃത്യമായ നടത്താത്ത ആളുകളുടെ എണ്ണം മാസംതോറും വര്‍ദ്ധിക്കുകയാണ്. ഇത് ബാങ്കുകള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തുന്നുണ്ട്.
കിട്ടാക്കടമായി കാണുന്ന ഈ ആസ്തികള്‍ വര്‍ദ്ധിക്കുന്നത് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളേയും സംബന്ധിച്ച് അത്ര ശുഭസൂചനയല്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുന്നതാകട്ടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനാണ്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 116 കോടി മൊബൈല്‍ ഫോണുകളാണ് ഉപയോഗത്തിലുള്ളത്. വിപണിയില്‍ എത്രമാത്രം ഇടപെടലാണ് സ്മാര്‍ട് ഫോണുകള്‍ക്ക് എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോണെടുത്ത് വാങ്ങിയ സ്മാര്‍ട് ഫോണുകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ആ ഫോണുകളെ ലോക്ക് ചെയ്യാനുള്ള അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടില്ല.
2024ല്‍ സമാനമായ ഭേദഗതി ആവശ്യപ്പെട്ട് ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും ആര്‍ബിഐയെ സമീപിച്ചുവെങ്കിലും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാന്‍ കഴിയില്ലെന്ന കാര്യം പറഞ്ഞ് ആവശ്യം തള്ളുകയായിരുന്നു. ഉപഭോക്താക്കളുടെ സമ്മതത്തോടെ ലോണ്‍ മുടങ്ങിയാല്‍ ഡിവൈസ് ലോക്ക് ചെയ്യുന്നതിന് അനുമതി നല്‍കുന്ന ആപ്ലിക്കേഷന്‍ ഫോണ്‍ വില്‍പ്പന നടത്തുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.