car

മുംബയ്: സ്വന്തമായി ഒരു കാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വാഹന നിര്‍മാണ കമ്പനി. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലയില്‍ കിഴിവും ഒപ്പം ഇപ്പോള്‍ വാങ്ങൂ 2026ല്‍ പണം അടയ്ക്കൂ എന്ന ഓഫറുമാണ് ടൊയോട്ട മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചാണ് കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2025 സെപ്റ്റംബര്‍ 30 വരെയാണ് ഓഫറുകള്‍ നിലവിലുണ്ടാകുക.

മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഓഫര്‍ ബാധകമായിട്ടുള്ളത്. ടൊയോട്ടയുടെ ജനപ്രിയ മോഡല്‍ കാറുകളായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഗ്ലാന്‍സ, ടൈസര്‍ എന്നിവ ഈ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഉപഭോക്താക്കള്‍ക്ക് ആകെ ഒരു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഒപ്പം സെപ്റ്റംബര്‍ 30ന് മുമ്പ് വാഹനം വാങ്ങിയാല്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ കഴിഞ്ഞതിന് ശേഷം മാത്രം ഇഎംഐ അടച്ച് തുടങ്ങിയാല്‍ മതിയാകും.

ഡിസംബര്‍ വരെ എല്ലാ മാസവും ടോക്കണ്‍ തുക ഇനത്തില്‍ വെറും 99 രൂപ മാത്രമാണ് തിരിച്ചടവ് വരിക. 2026 ജനുവരി മുതലായിരിക്കും ഇഎംഐ തിരിച്ചടവ് ആരംഭിക്കുക. അതോടൊപ്പം തന്നെ ടൊയോട്ട തങ്ങളുടെ കാറുകള്‍ക്ക് ജിഎസ്ടി 2.0 യുടെ പൂര്‍ണ്ണ ആനുകൂല്യങ്ങളും നല്‍കുന്നു. അതായത് ജിഎസ്ടി നിരക്കുകളിലെ കുറവിന്റെ പൂര്‍ണ്ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും, ഇത് കാറിന്റെ വില പിന്നെയും കുറയുന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ക്ക് കാരണമാകും.