
ന്യൂഡൽഹി: മറ്റു നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമായിരിക്കെ ഡൽഹിയിൽ മാത്രം പടക്ക നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതി. ഡൽഹിയിൽ മാത്രമല്ല രാജ്യവ്യാപകമായി പടക്ക നിരോധനം ഏർപ്പെടുത്തേണ്ടതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധമായ വായുവിന് അവകാശമുണ്ടെങ്കിൽ മറ്റ് നഗരങ്ങളിലെ ജനതയ്ക്ക് അതിനുള്ള അർഹതയില്ലേയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
ഭരണസിരാകേന്ദ്രമായതു കൊണ്ട് ഡൽഹിക്കു മാത്രം ശുദ്ധവായു കിട്ടിയാൽ മതിയോ? നയം എല്ലായിടത്തും ഒരുപോലെയായിരിക്കണം. ഡൽഹിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. ഡൽഹിയിലെ പടക്ക നിരോധനത്തിനെതിരെ പടക്കനിർമ്മാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സെപ്തംബർ 22ന് വിശദമായി വാദം കേൾക്കും. പടക്കങ്ങൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന് ബെഞ്ച് നോട്ടീസ് അയച്ചു.
സാധാരണയായി ഒക്ടോബർ നവംബർ മാസങ്ങളിൽ വരുന്ന ദീപാവലിയ്ക്ക് മുന്നോടിയായാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഈ സമയത്ത്, പടക്കം പൊട്ടിക്കുന്നതും വയലുകളിലെ കുറ്റികൾ കത്തിക്കുന്നതും കാരണം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും വായുഗുണനിലവാരം ഗണ്യമായി കുറയാറുണ്ട്. കഴിഞ്ഞ ദീപാവലിക്ക് മുന്നോടിയായി അധികൃതർ പടക്കനിരോധനം ഏർപ്പെടുത്തിയിരുന്നു.