student

തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ് കുട്ടി ഉത്തരമെഴുതിയിരിക്കുന്നത്. ഉത്തരക്കടലാസിന്റെ ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കുക എന്നതായിരുന്നു ചോദ്യം. അഹാൻ അനൂപ് 'സ്‌പൂണും നാരങ്ങയും' മത്സരത്തെക്കുറിച്ചാണ് എഴുതിയത്. മത്സരവുമായി ബന്ധപ്പെട്ട അഞ്ച് നിയമങ്ങൾ കുട്ടി എഴുതി. ഇതിൽ അഞ്ചാമത്തേത് 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നതായിരുന്നു. ഇതിനെക്കുറിച്ചാണ് മന്ത്രിയുടെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. തലശേരി ഒ ചന്തുമേനോൻ സ്‌മാരക ഗവ. യുപി സ്‌കൂളിലാണ് അഹാൻ പഠിക്കുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..

അഹാൻ അനൂപ്,

തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..