
രക്തരൂക്ഷിതമായ കലാപത്തിനൊടുവിൽ നേപ്പാളിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റിരിക്കുകയാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ തെരുവിലിറങ്ങിയ ജെൻ സിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കെ പി ശർമ്മ ഒലിക്കായില്ല. രാജിവച്ച ശർമ്മ ഒലി വിദേശത്തേക്ക് പലായനം ചെയ്യുകയും ചെയ്തു.
നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിനൊപ്പം ഇപ്പോൾ ചർച്ചയാവുന്നത് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഡിസ്‌കോർഡാണ്. ഇതാണ് പ്രതിഷേധക്കാർ ആശയവിനിമയത്തിനും മറ്റും വ്യാപകമായി ഉപയോഗിച്ചത്. നേരത്തേതന്നെ നിലവിലുള്ളതാണെങ്കിലും ജെൻ സി പ്രതിഷേധത്തിനുശേഷമാണ് ഇതിനെക്കുറിച്ച് കൂടുതൽ കേട്ടുതുടങ്ങിയത്. രാജ്യമൊട്ടാകെയുള്ള പ്രതിഷേധക്കാർ പരസ്പരം ആശയവിനിമയം നടത്താനും പ്രതിഷേധം നടത്തേണ്ട രീതികൾ ചർച്ചചെയ്യാനും ഉപയോഗിച്ചത് ഡിസ്‌കോർഡ് മാത്രമായിരുന്നു. മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്കില്ലാത്ത ചില പ്രത്യേകതകളായിരുന്നു ഇതിന് കാരണം.
ഡിസ്‌കോർഡ്
ജേസൺ സിട്രോണും സ്റ്റാനിസ്ലാവ് വിഷ്‌നെവ്‌സ്‌കിയും ചേർന്ന് 2015 മേയിൽ ആരംഭിച്ച അമേരിക്കൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഡിസ്‌കോർഡ്. ഇവർ നേരത്തേ ഗെയിമർമാർക്കുവേണ്ടിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സൃഷ്ടിച്ചിരുന്നു. കമ്യൂണിറ്റികളെ കൈകാര്യംചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഡിസ്‌കോർഡ്. അതാണ് ജെൻ സിക്കാരെ കൂടുതൽ ആകൃഷ്ടരാക്കിയതും. വോയിസ്, വീഡിയോ കോളുകൾ, സ്ഥിരമായ ചാറ്റ് റൂമുകൾ, മറ്റ് ഗെയിമർ കേന്ദ്രീകൃത സേവനങ്ങളുമായുള്ള സംയോജനം, നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനൊപ്പം വ്യക്തിഗത ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ കഴിയും എന്നതും സ്‌ക്രീൻ പങ്കിടൽ, സ്ട്രീമിംഗ്, മോഡറേഷൻ ടൂളുകൾ എന്നിവയ്‌ക്കുള്ള ഓപ്ഷനുകളും യുവജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഡിസ്‌കോർഡിനെ സഹായിച്ചു. ആരംഭിച്ച് ഒരുവർഷം കഴിഞ്ഞപ്പോൾ തന്നെ (അതായത് 2016 അവസാനത്തോടെ ) 25 ദശലക്ഷം ഉപഭോക്താക്കളാണ് ഡിസ്‌കോർഡ് സ്വന്തമാക്കിയത്. ജെൻ സി പ്രതിഷേധക്കാർക്കൂടി ഏറ്റെടുത്തതോടെ ഡിസ്‌കോർഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരു ഡിസ്‌കോർഡ് സെർവർ എന്നത് വലിയൊരു കമ്യൂണിറ്റി സ്പെയിസാണ്. ഡിസ്‌കോർഡ് കമ്യൂണിറ്റികളെയാണ് സെർവറുകൾ എന്നുവിളിക്കുന്നത്. ഉപഭോക്താക്കൾക്ക് സൗജന്യമായി സെർവറുകൾ സൃഷ്ടിക്കാനും അവയുടെ ദൃശ്യപരത കൈകാര്യം ചെയ്യാനും കഴിയും. ഒരു ഡിസ്‌കോർഡ് സെർവറിൽ ഉപയോക്തൃ പരിധി ഡിഫോൾട്ടായി 5,00,000 വരെയാകാം. എന്നാൽ സെർവറിൽ ഒരേസമയം 2,50,000 ഉപഭോക്താക്കൾക്ക് മാത്രമേ സജീവമാകാൻ കഴിയൂ. ഉപഭോക്താക്കൾ സൗജന്യമായി സെർവറുകൾ സൃഷ്ടിക്കുന്നതിനാൽ പുറത്തുനിന്നുള്ള ആർക്കും ഇതിലേക്ക് നുഴഞ്ഞുകയറി കാര്യങ്ങൾ ചോർത്താൻ ആവില്ല. എന്നാൽ മറ്റുസോഷ്യൽ മീഡിയ ആപ്പുകൾക്ക് സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ വിവരങ്ങൾ നൽകേണ്ടിവരും. ഉപഭോക്താക്കൾ സെർവറുകൾ സൃഷ്ടിക്കപ്പെടുന്നതിനാൽ ഡിസ്‌കോർഡിന് അത്തരം ബാദ്ധ്യതകളുമില്ല.
2021ൽ ഡിസ്‌കോർഡ് സ്റ്റേജ് ചാനലുകളും ആരംഭിച്ചു. ക്ലബ് ഹൗസിന് സമാനമായി ചർച്ചകൾ, സംഭാഷണങ്ങൾ എന്നിവയ്ക്കുവേണ്ടിയാണ് ഇതും തുടങ്ങിയത്. ക്ഷണിക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ഇതിൽ അംഗമാകാൻ കഴിയുക. ദൈർഘ്യമേറിയതും വേറിട്ടതുമായ സംഭാഷണങ്ങൾ അനുവദിക്കുന്ന ഫോറം ചാനലുകൾ 2022 സെപ്തംബറിൽ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചു.
നയന്റീസ് കിഡ്സിന് അത്ര പോര
ജെൻ സിയുടെ ഇഷ്ട പ്ലാറ്റ്ഫോമാണെങ്കിലും നയന്റീസ് കിഡ്സിന് ഡിസ്‌കോർഡ് അത്രപോര. നേപ്പാളിലെ പ്രതിഷേധക്കാർക്ക് എങ്ങനെ ഡിസ്‌കോർഡ് ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാമായിരുന്നു. അതിനാൽത്തന്നെ വിവരങ്ങളുടെ തടസമില്ലാത്ത ഒഴുക്ക് അവർക്ക് ലഭിച്ചു. അതനുസരിച്ചാണ് പ്രതിഷേധങ്ങൾ രൂപപ്പെടുത്തിയതും. കലാപത്തിനുശേഷം തങ്ങളുടെ രാജ്യത്തിന്റെ പുതിയ നേതാവ് ആരാവണമെന്നതിനുള്ള വോട്ടെടുപ്പിന് ജെൻ സി ഉപയോഗിച്ചതും ഡിസ്‌കോർഡിനെ തന്നെയായിരുന്നു. ഇതിനുവേണ്ടി ഒന്നിലധികം വോട്ടെടുപ്പുകളാണ് നടത്തിയത്. ഇതിനൊടുവിൽ സുശീലയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. 50 ശതമാനം വോട്ടുകൾ രേഖപ്പെടുത്തുന്നതിനുമുമ്പുതന്നെ സുശീല കാർക്കി 7,713 വോട്ടുകൾ നേടി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചതോടെ പ്രതിഷേധക്കാരും രാഷ്ട്രീയപാർട്ടികളും തമ്മിൽ ചർച്ചനടത്തുകയും തുടർന്ന് സുശീല സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുകയും ചെയ്തു.