
വസ്ത്ര വിപണനശാലയിലും മറ്റും ഓഫറുകൾ പ്രഖ്യാപിച്ചാൽ ആളുകൾ അവിടേക്ക് തടിച്ചുകൂടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ അത് ഗതാഗതക്കുരുക്ക് അടക്കമുള്ളമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റിയൊന്ന് ആലോചിച്ചുനോക്കൂ. അത്തരമൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം തെലങ്കാനയിലെ മേഡക് ജില്ല സാക്ഷ്യം വഹിച്ചത്.
ജില്ലയിലെ ഒരുമാളിൽ വ്യാഴാഴ്ച സാരികൾക്ക് നിശ്ചിതകാല ഓഫർ പ്രഖ്യാപിച്ചിരുന്നു. ഓഫർ കാലയളവിൽ 99 രൂപയ്ക്ക് സാരി നൽകുമെന്നായിരുന്നു പരസ്യം. ഓഫർ വിവരമറിഞ്ഞതും സാരി തീരുന്നതിന് മുമ്പ് തങ്ങൾക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് സ്ത്രീകൾ അങ്ങോട്ടേക്ക് ഒഴുകി. നൂറുകണക്കിനാളുകളാണ് എത്തിയത്. ഇതോടെ മാളും അതിനുചുറ്റുമുള്ള പ്രദേശങ്ങളും ജനസാഗരമായി.
സാരി വാങ്ങിയതോടെ അതിനുചേരുന്ന ആഭരണങ്ങളും ചെരുപ്പുമൊക്കെ വാങ്ങാനായി സ്ത്രീകൾ മാളിലെ ഷോപ്പുകളിലേക്ക് തള്ളിക്കയറി. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നതോടെ മാളിന്റെ മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിച്ചു. പുറത്ത് ജനക്കൂട്ടം നിറഞ്ഞുനിന്നതിനാൽ ചുറ്റുമുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.
ഒടുവിൽ പൊലീസ് സ്ഥലത്തെത്തുകയും ബാച്ചുകളായി പ്രവേശിക്കാൻ അനുവാദം നൽകി ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. മാളിനുള്ളിലെ തിരക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളിടുന്നത്.
Medak News: రూ.99కే చీర ఆఫర్!.. వస్త్ర దుకాణానికి పోటెత్తిన మహిళలు pic.twitter.com/VgBB3uA2YW
— Eenadu (@eenadulivenews) September 10, 2025