surendran

കാസർകോട്: കുറ്റിക്കോലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പയന്തങ്ങാനം സ്വദേശി കെ സുരേന്ദ്രനാണ് (50) വീടിനുളളിലെ പടിക്കെട്ടിനോട് ചേർന്ന ഭാഗത്ത് തൂങ്ങിമരിച്ചത്. വെട്ടേറ്റ ഭാര്യ സിമി ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്ക് കാരണമാണ് സുരേന്ദ്രൻ സിമിയെ വെട്ടിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

വാക്കത്തിയുപയോഗിച്ചാണ് സുരേന്ദ്രൻ ഭാര്യയുടെ കഴുത്തിന്റെ മുൻഭാഗത്ത് വെട്ടിയത്. വെട്ടേറ്റ സിമി ഓടി അയൽവീട്ടിലെത്തുകയായിരുന്നു. അയൽവാസികൾ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ ഒന്നര വയസും അഞ്ച് വയസുമുള്ള മക്കള്‍ അടുത്ത മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു. പരിക്കേറ്റ സിമി വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷമാകാം സുരേന്ദ്രൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.

സംഭവം നടക്കുന്നതിനിടെ കുട്ടികളില്‍ ഒരാളെ സ്‌കുളില്‍ കൊണ്ടുപോകുന്നതിനായി എന്നത്തേയും പോലെ വീടിനടുത്ത് റോഡില്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുട്ടിയെ കാണാത്തതിനാല്‍ സിമിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഡ്രൈവര്‍ വീട്ടുമുറ്റത്തെത്തി വിളിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്നു.

ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധനയും നടന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം സുരേന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.