major-ravi

ഈ വർഷത്തെ ദേശീയ പുരസ്കാരവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില സിനിമകളെ തഴഞ്ഞത് ചർച്ചയായതാണ്. ഇതുമായി ബന്ധപ്പെട്ട് നടി ഉർവശിയുടെ പ്രതികരണങ്ങൾ പല മാദ്ധ്യമങ്ങളും വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്,​ ദേശീയ പുരസ്കാരവുമായി ബന്ധപ്പെട്ട് ഉർവശിയുടെ അഭിപ്രായത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'ദേശീയ പുരസ്‌കാരത്തിനെതിരെ മലയാള സിനിമയിൽ നിന്ന് ചങ്കുറപ്പോടെ നിലപാടറിയിച്ച നടിയാണ് ഉർവശി. ഉള്ളൊഴുക്കെന്ന സിനിമയിൽ സഹനടിക്കുളള ദേശീയ പുരസ്‌കാരമാണ് ഉർവശിക്ക് ലഭിച്ചത്. പക്ഷപാതപരമായ സമീപനമാണ് ദേശീയ പുരസ്‌കാര ജൂറികൾ നടത്തിയിരിക്കുന്നതെന്നാണ് ഉർവശി ആരോപിച്ചത്. എല്ലാവർക്കും ഗാന്ധിയനാകാൻ സാധിക്കില്ലെന്നും അരുതാത്തതിനെതിരെ ശബ്ദമുയർത്തണമെന്നും നടി പറഞ്ഞിരുന്നു.

തന്റെ കഴിവിൽ തികഞ്ഞ വിശ്വാസമുളള നടിയാണ് ഉർവശി. അതിനാൽത്തന്നെ ആരുടെയും പിൻബലം അവർക്ക് ആവശ്യമില്ല. പൃഥ്വിരാജിന്റെ ആടുജീവിതത്തെക്കുറിച്ച് മേജർ രവി ചില വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു, മെലിഞ്ഞു, കഥാപാത്രത്തിന് വേണ്ടി താടി വളർത്തി എന്നൊക്കെ പറഞ്ഞ് അവാർഡ് കൊടുക്കാനാകില്ല, അപ്പുറത്ത് വേറെയും പടങ്ങളുണ്ട്. അതൊന്നും നമ്മൾ കണ്ടിട്ടില്ല, അതിലും നല്ല പെർഫോമൻസ് ഉണ്ടായിട്ടുണ്ട്. നമ്മൾ ആടുജീവിതം മാത്രമല്ലേ കണ്ടിട്ടുളളൂവെന്നാണ് മേജർ രവി പറഞ്ഞത്.

അയാളുടെ പരാമർശം ആടുജീവിതത്തിനായി വർക്ക് ചെയ്ത എല്ലാവരെയും കൂടിയാണ് വേദനിപ്പിച്ചത്. പൃഥ്വിരാജിനെ നിസാരവൽക്കരിച്ചതിനുപിന്നിൽ മേജർ രവിക്ക് അദ്ദേഹത്തിന്റേതായിട്ടുളള രാഷ്ട്രീയവുമുണ്ട്. അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അത് മനസിലാകും. ഒരു ചിത്രത്തിന്റെ മേൻമയെ വിലയിരുന്നത് രാഷ്ട്രീയവും മതവുമാണെന്ന് ഇതിലൂടെ മനസിലാക്കാവുന്നതേയുളളൂ. ഇതിനെതിരെ ഉർവശിയുടെ പ്രതികരണം ഒ​റ്റപ്പെട്ട ശബ്ദമായി നിലകൊളളുകയാണ്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.