
ലണ്ടൻ: യുവതികൾക്ക് നേരെ മദ്യപിച്ച് ലൈംഗികാതിക്രമം കാട്ടിയ പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റർക്കെതിരെ പൊലീസ് അന്വേഷണം. മേയ് 22ന് തെക്കുപടിഞ്ഞാറൻ ലണ്ടനിലെ SW6 ജില്ലയിലെ പബ്ബിൽ വച്ചായിരുന്നു സംഭവം. പാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയും അവരിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ഒരു വർഷത്തിനിടെ മോശം പെരുമാറ്റത്തെ തുടർന്ന് ഇംഗ്ലീഷ് ക്രിക്കറ്റിലുണ്ടായ ഒട്ടേറെ കേസുകളിൽ ഏറ്റവും പുതിയ സംഭവമാണിത്.
കേസെടുത്തതിനു പിന്നാലെ ഇക്കഴിഞ്ഞ ജൂണിലാണ് മെട്രോപൊളിറ്റൻ പൊലീസ് നാൽപതുകാരനായ താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അന്വേഷണം തുടരുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റിൽ ജൂനിയർ വനിതാ സ്റ്റാഫ് അംഗങ്ങൾക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് ഒരു പരിശീലകനെ ഒമ്പത് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഒരു കൗണ്ടി പ്രീ-സീസൺ ടൂറിനിടെ ലൈംഗികചുവയോടെയുള്ള പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു പരിശീലകനെയും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.